Fiction

പ്രലോഭനങ്ങളിൽ കുടുങ്ങി സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കരുത്,  ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി അതാണ്

വെളിച്ചം

   കാടിനരികിലാണ് ആ മരംവെട്ടുകാരനും കുടുംബവും താമസിച്ചിരുന്നത്. രാവിലെ കാട്ടില്‍ പോയി മരം വെട്ടി അടുത്തുളള ഗ്രാമത്തില്‍ കൊണ്ടുപോയി വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്.  ചില ദിവസം അയാളുടെ മകളും അച്ഛനെ സഹായിക്കാനായി കാട്ടിലേക്ക് പോകുമായിരുന്നു.

അങ്ങനെ ഒരു ദിവസം കാട്ടില്‍ മരം വെട്ടുക്കൊണ്ടിരിക്കുകയായിരുന്നു അയാള്‍.  മകള്‍ അച്ഛന്‍ വെട്ടിയിട്ട മരങ്ങള്‍ വൃത്തിയായി ഒതുക്കിവെക്കുന്ന തിരക്കിലും.  അപ്പോഴാണ് ഒരു സിംഹം അതുവഴി വന്നത്.  സിംഹത്തിന് അയാളുടെ മകളെ വളരെ ഇഷ്ടപ്പെട്ടു. സിംഹം അയാളോട് മകളെ തനിക്ക് തരാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്ക് അപകടം മനസ്സിലായി.  തരില്ലെന്ന് പറഞ്ഞാല്‍ സിംഹം തങ്ങളെ കൊല്ലുമെന്ന് അറിയാമായിരുന്ന അയാള്‍ സിംഹത്തിനോടു പറഞ്ഞു:

“മകളെ ഞാന്‍ നിനക്ക് തരാം. പക്ഷേ നിന്റെ കൂര്‍ത്ത നഖങ്ങള്‍ അവള്‍ക്ക് പേടിയാണ്.”

സിഹം തിരിച്ചുപോയി പിറ്റേദിവസം തന്റെ നഖങ്ങളെല്ലാം കളഞ്ഞ് വന്നു.  അപ്പോള്‍ അയാള്‍ അടുത്ത ആവശ്യം ഉന്നയിച്ചു:

“നിന്റെ പല്ലുകള്‍ അവള്‍ക്ക് പേടിയാണ്.  അതിനുകൂടി ഒരു  പരിഹാരം ഉണ്ടാക്കൂ…”

പിറ്റേ ദിവസം പല്ലുകളും കളഞ്ഞ് സിംഹം തിരിച്ചെത്തി.  അയാള്‍ പറഞ്ഞു:
“പല്ലും നഖവുമില്ലാത്ത നിന്നെ ആരെങ്കിലും സിംഹം എന്ന് വിളിക്കുമോ?”

ഒരു വടിയെടുത്ത് അയാള്‍ സിംഹത്തിനെ തല്ലിയോടിപ്പിച്ചു.

ഇതൊരു വാമൊഴിക്കഥയാണെങ്കിലും ചിന്തനീയമായ സാരാംശം ഇതിലൊളിഞ്ഞുകിടപ്പുണ്ട്.  ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു വ്യക്തിത്വമുണ്ട്.  മറ്റുളളവരുടെ ബഹുമാനത്തിന്റെ അളവുകോലാണ് ഒരാളുടെ വ്യക്തിത്വം.  എത്ര പ്രലോഭന സാഹചര്യങ്ങളുണ്ടെങ്കിലും സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാതെ ജീവിക്കാനാകുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി ഏററെടുത്ത് വിജയിപ്പിക്കാന്‍ നമുക്കും സാധിക്കട്ടെ  ശുഭദിനം.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: