ഇസ്ലാമാബാദ്: പലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ പുതുവത്സരാഘോഷം നിരോധിച്ചു. പാക്കിസ്ഥാന്റെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി അന്‍വര്‍ ഉല്‍ ഹക്ക് കകാര്‍ ആണ് പുതുവത്സരാഘോഷം നിരോധിച്ചതായി അറിയിച്ചത്. വ്യാഴാഴ്ച, രാഷ്ട്രത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പുതുവര്‍ഷത്തില്‍ സംയമനവും വിനയവും പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.
”പലസ്തീനിലെ ഗൗരവമായ സാഹചര്യം കണക്കിലെടുത്ത്, പലസ്തീന്‍ സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി, പുതുവത്സരാഘോഷത്തിനായി ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശനമായ നിരോധനം ഉണ്ടായിരിക്കും” അദ്ദേഹം പറഞ്ഞു. പലസ്തീനിലേക്ക് പാക്കിസ്ഥാന്‍ രണ്ട് സഹായ പാക്കേജുകള്‍ അയച്ചുവെന്നും മൂന്നാമത്തെ പാക്കേജ് തയാറാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീന് സമയബന്ധിതമായി സഹായം നല്‍കാനും ഗാസയില്‍ കഴിയുന്നവരെ ഒഴിപ്പിക്കാനും ജോര്‍ദാനുമായും ഈജിപ്തുമായും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിവിധ ആഗോള വേദികളില്‍ പലസ്തീന്‍ ജനതയുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചതെന്നും ഇസ്രയേലിന്റെ രക്തച്ചൊരിച്ചില്‍ തടയാന്‍ ഭാവിയില്‍ അതു തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.