കൊല്ലം: ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണമെന്നും വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്‌തില്ല എന്നാണ് വ്യകതമാകുന്നത്. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണെന്നും മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം കോൺഗ്രസ് മുന്നോട്ടു പോകാനാണെന്നും വിഎം സുധീരൻ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് വിവാദമായ പശ്ചാത്തലത്തിലാണ് സുധീരൻ്റെ പ്രതികരണം.
ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം. ഒരു കാരണവശാലും പങ്കെടുക്കരുത്. ജനാധിപത്യം മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയും ചടങ്ങിൽ പങ്കെടുക്കരുത്. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോണം. കോൺഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരനും പ്രതികരിച്ചിരുന്നു. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎമ്മിന്റേത് പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല.
‘ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്. ഒരു സ്ട്രക്ക്ച്ചർ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോൺസ് പോകേണ്ട. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടേയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂവെന്നും മുരളിധരൻ വ്യക്തമാക്കി. പരിധിയില്ലാത്ത വർഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പിമാരെ സസ്പെന്റ് ചെയ്തിട്ടില്ല. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണിതെല്ലാം. മതാചാരം പ്രകാരം ഭരണകർത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്.
ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചയാളാണ്. മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണ്. മോഡിയുടെ ഭാര്യക്ക് മോഡിയെ കണ്ടാൽ മനസിലാകും. മോഡിക്ക് ഭാര്യയെ കണ്ടാൽ മനസിലാവില്ല. രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ ചില കക്ഷികൾ പങ്കെടുക്കുന്നുണ്ട്. എല്ലാവരുമായും കോൺഗ്രസ് ചർച്ച നടത്തി തീരുമാനിക്കും. സിപിഎം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോൺഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോൺഗ്രസിലുണ്ട്. അതിനാൽ ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തിൽ ബി ജെ പി ഒരുക്കുന്ന ചതിക്കുഴിയിൽ കോൺഗ്രസ് വീഴരുതെന്നും’ മുരളീധരൻ മുന്നറിയിപ്പ് നൽകി.