ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ഭാഷാതീതമായി സ്വീകാര്യത നേടിയ കോമ്പിനേഷൻ ആണ് ജീത്തു ജോസഫ്- മോഹൻലാൽ. ആ വലിയ വിജയം പുതിയ ചിത്രങ്ങളുമായി എത്തുമ്പോൾ അവരെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമാണ്. പ്രേക്ഷകർ ദൃശ്യവുമായി നടത്താനിടയുള്ള താരതമ്യമാണ് അത്. അതേതായാലും അവരുടെ പുതിയ ചിത്രം നേര് തിയറ്ററുകളിൽ ആളെ കൂട്ടുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രവർത്തിദിനങ്ങളിലും മികച്ച കളക്ഷനാണ് നേടുന്നത്.
റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 3.04 കോടി നേടിയിരുന്ന ചിത്രത്തിൻറെ ഏറ്റവും മികച്ച കളക്ഷൻ ക്രിസ്മസ്‍ ദിനത്തിൽ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തിൽ നിന്ന് നേടിയത്. ഇപ്പോഴിതാ ഏഴാം ദിനമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ ഇവിടെനിന്ന് നേടിയിരിക്കുന്നത് 2.90 കോടിയാണ്. ഇതോടെ ചിത്രത്തിൻറെ ഒരാഴ്ചത്തെ കേരള ഗ്രോസും കണക്കാക്കാനാവും. 22.37 കോടിയാണ് കേരളത്തിൽ നിന്ന് ഏഴ് ദിവസം കൊണ്ട് നേര് സ്വന്തമാക്കിയിരിക്കുന്നത്.
പ്രവർത്തിദിനങ്ങളിൽ സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച തിയറ്റർ ഒക്കുപ്പൻസിയാണ് ഈ മോഹൻലാൽ ചിത്രം നേടുന്നത്. പ്രവർത്തിദിനങ്ങളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം മോണിംഗ് ഷോകൾക്ക് പോലും മികച്ച ഒക്കുപ്പൻസി ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടാം വാരാന്ത്യത്തിലെ കളക്ഷൻ കൂടി എത്തുമ്പോൾ ബോക്സ് ഓഫീസിൽ ചിത്രം കാട്ടുന്ന അത്ഭുതത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്രലോകം. ജീത്തു ജോസഫ്- മോഹൻലാൽ ടീമിൻറെ ഏറ്റവും വലിയ ഹിറ്റ് ആയ ദൃശ്യം തിയറ്ററുകളിലെത്തിയതും ഒരു ക്രിസ്‍മസ് കാലത്തായിരുന്നു. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.