SportsTRENDING

ടി.എ. ജാഫറിന് വിടചൊല്ലി കായിക കേരളം 

ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ.ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്.

50 വര്‍ഷം മുമ്ബ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്ബോള്‍ വിജയഗോളിന് വഴിയൊരുക്കിയത് ജാഫറായിരുന്നു.1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വച്ചത്. കേരള നായകന്‍ മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു.

മണി  നേരത്തേതന്നെ ഈ‌ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്ബത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര്‍ നൊമ്ബരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ സന്തോഷ് ട്രോഫിയുടെ സുവര്‍ണ ജൂബിലിയായി ഡിസംബര്‍ 27 വന്നെത്തും മുമ്ബേ കൂട്ടത്തില്‍ ഒരാള്‍ കൂടി ഓര്‍മ്മയാകുമെന്ന് അന്ന് ആരും പ്രതീക്ഷിച്ചില്ല.

കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമിന്റെ വൈസ് ക്യാപ്റ്റനും കേരള കോച്ചുമായിരുന്ന ടി.എ. ജാഫർ (79) ഞായറാഴ്ച രാത്രി 8.15 ഓടെയാണ് അന്തരിച്ചത്. സെറിബ്രൽ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. കേരളം ആദ്യ സന്തോഷ് ട്രോഫി നേട്ടത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അന്ത്യം.

ഒരു സന്തോഷ് ട്രോഫി കൊണ്ട് തീരുന്നതല്ല. ടി.എ. ജാഫര്‍ എന്ന കൊച്ചിക്കാരന്‍ ഫുട്‌ബോളറുടെ മഹിമ. കളിക്കാരനായി മികവ് കാട്ടിയ അദ്ദേഹം പില്‍ക്കാലത്ത് കേരള ടീമിന്റെ പരിശീലകനായി. രണ്ട് വട്ടം കേരളത്തിന് സന്തോഷ് ട്രോഫിയും നേടിക്കൊടുത്തു.

1973-ൽ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അദ്ദേഹം, 1992, 1993 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ടീമിന്റെ കോച്ചുമായിരുന്നു. പ്രീമിയർ ടയേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ സുവർണകാലത്തെ പ്രധാന താരമായിരുന്നു ടി.എ. ജാഫർ. ഫാക്ട് ഫുട്‌ബോൾ ടീമിലും അംഗമായിരുന്നു. ഫോർട്ട്കൊച്ചി കൽവത്തി കമ്യൂണിറ്റി ഹാളിന് സമീപം ’നന്ദി’യിലായിരുന്നു താമസം.

ഭാര്യ: സഫിയ. മക്കൾ: ബൈജു, സഞ്ജു, രഞ്ജു. മരുമക്കൾ: നിതാസ്, രഹന, സുൽഫീന.

Back to top button
error: