IndiaNEWS

കേരളത്തിൽ ബി.ജെ.പിയുടെ സ്റ്റേഹയാത്ര, ദില്ലിയിൽ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്,  ലക്ഷ്യം ക്രൈസ്തവ വോട്ടുകള്‍

  ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കേരളത്തില്‍ സ്‌നേഹയാത്ര. ഡൽഹിയിൽ സ്വന്തം വസതിയിൽ ക്രിസ്മസ് വിരുന്ന് ഒരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ഈ നീക്കങ്ങൾ. പ്രധാനമന്ത്രിയുടെ  ക്രിസ്മസ് വിരുന്നില്‍ മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

പതിവില്‍ നിന്ന് വിപരീതമായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രധാനമന്ത്രി നേരിട്ട് വിരുന്ന് ഒരുക്കിയത്.

Signature-ad

വിരുന്നില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി ദരിദ്രരേയും നിരാലംബരേയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സമൂഹമാണ് ക്രൈസ്തവരെന്ന്‌ ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിന് വേണ്ടി ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകളെ അഭിനന്ദിച്ച അദ്ദേഹം, അവ അഭിമാനത്തോടെ സ്മരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

പോപ്പുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം സ്മരിച്ചു. അടുത്ത വര്‍ഷം അവസാനമോ 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ദിനാള്‍ ഓസ്വോള്‍ഡ് ഗ്രേഷ്യസ്, ബിഷപ് അനില്‍ കുട്ടോ, ബിഷപ് കുര്യാകോസ് ഭരണികുളങ്ങര, ബിഷപ് പോള്‍ സ്വരൂപ്, ബിഷപ് മാര്‍ അന്റോണിയോസ് ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരും കായികതാരം അഞ്ജു ബോബി ജോര്‍ജുമടക്കം വിരുന്നില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വസതിയില്‍ സന്തോഷമുള്ള ക്രിസ്മസായിരുന്നുവെന്ന് വിരുന്നില്‍ പങ്കെടുത്ത അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. കായിക മേഖലയിലെ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ കഴിഞ്ഞു. മറ്റു രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും അവര്‍ വ്യക്തമാക്കി.

മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹം ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോൾ. അതിനിടയിലാണ് ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള പ്രധാനമന്ത്രിയുടെ നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ  ഡൽഹി സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുകയും മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു
കേരളത്തിലടക്കം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമമാണ് ബിജെപി നേതൃത്വം നടത്തുന്നത്.

പക്ഷേ മണിപ്പൂരില്‍ നൂറോളം പേർ കൊല്ലപ്പെട്ടു. അതിന്റെ   ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് പിന്മാറാന്‍ ആവില്ല എന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Back to top button
error: