
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിനെതിരെ സിപിഐ. ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രിയൊരുക്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ സിപിഐ സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വമാണു വിമര്‍ശനമുന്നയിച്ചത്. സഭാപ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ 60 പേര്‍ മോദിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു.
”ക്രിസ്മസ് വിരുന്നിനു പോയ ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോടു മണിപ്പുര്‍ കലാപത്തെക്കുറിച്ചു ചോദിക്കണമായിരുന്നു. വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജന്‍ഡ എല്ലാവര്‍ക്കും മനസ്സിലാകും.” ബിനോയ് വിശ്വം പറഞ്ഞു. ക്രൈസ്തവര്‍ രാജ്യത്തിനു നിസ്തുല സേവനമാണു നല്‍കുന്നതെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണു ശ്രമിക്കുന്നതെന്നും മോദി ചടങ്ങില്‍ വ്യക്തമാക്കി. മണിപ്പുര്‍ കലാപമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ വിരുന്നില്‍ ചര്‍ച്ചയായില്ലെന്നാണു റിപ്പോര്‍ട്ട്.
2024 പകുതിയോടെയോ 2025 ആദ്യമോ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നു പ്രധാനമന്ത്രി അറിയിച്ചതായി വിരുന്നില്‍ പങ്കെടുത്ത സഭാമേലധ്യക്ഷര്‍ പറഞ്ഞു. ആദ്യമായാണു ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കിയത്. രാജ്യമാകെ ക്രിസ്മസ് ദിനാശംസകള്‍ കൈമാറണമെന്നു പ്രവര്‍ത്തകര്‍ക്കു ബിജെപി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിരുന്നെന്നതു ശ്രദ്ധേയമാണ്.






