IndiaNEWS

ഇന്ത്യന്‍ യാത്രക്കാരുമായി പാരിസിനു സമീപം പിടിയിലായ വിമാനത്തിന് വീണ്ടും പറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: നിരവധി ഇന്ത്യന്‍ യാത്രികരുമായി പാരിസിനു സമീപം അധികൃതര്‍ പിടിച്ചെടുത്ത വിമാനം വിട്ടയയ്ക്കാന്‍ ഫ്രഞ്ച് കോടതി ഞായറാഴ്ച ഉത്തരവിട്ടു. എന്നാല്‍, വിമാനം ഇന്ത്യയിലേക്കാണോ മടങ്ങുകയെന്ന് വ്യക്തമല്ല. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം അധികൃതര്‍ പിടിച്ചെടുത്തത്.

നിക്കരാഗ്വേയിലേക്കു പറന്ന വിമാനത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 303 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പ്രത്യേക വിമാനത്തിലുള്ളവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അജ്ഞാത കേന്ദ്രത്തില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, പാരിസില്‍നിന്ന് 150 കി.മീ അകലെ കിഴക്കന്‍ ഫ്രാന്‍സിലെ വാത്രി വിമാനത്താവളത്തില്‍ വിമാനം പിടിച്ചെടുക്കുകയായിരുന്നു.

ദുബായില്‍നിന്ന് പറന്ന ശേഷം ഇന്ധനം നിറയ്ക്കാനാണ് വിമാനം വാത്രി വിമാനത്താവളത്തില്‍ എത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ യുഎസിലേക്കോ കാനഡയിലേക്കോ പോകുന്നതിനായി നിക്കരാഗ്വേയിലേക്കു പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റൊമേനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റേതാണു വിമാനം.

യാത്രക്കാരെ രണ്ടു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് എയര്‍ബസ് എ340 വിമാനം വിട്ടയയ്ക്കാന്‍ ഫ്രഞ്ച് കോടതി തീരുമാനിച്ചത്. വിമാനം എവിടേയ്ക്കാണു പറക്കുക എന്നു വ്യക്തമായിട്ടില്ല. വിമാനം ഇന്ത്യയിലേക്കു മടങ്ങുമെന്ന് ഫ്രഞ്ച് ബാര്‍ അസോസിയേഷന്‍ മേധാവി അറിയിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പത്ത് ഇന്ത്യന്‍ യാത്രക്കാര്‍ ഫ്രാന്‍സില്‍ അഭയം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

Back to top button
error: