CrimeNEWS

ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിന്‍റെ ആത്മഹത്യ; അന്വേഷണം ജില്ലാ നേതാക്കളിലേക്ക്

പത്തനംതിട്ട: പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കാൻ സിപിഎം. പാർട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളുമെന്നാണ് വിവരം. സാമ്പത്തിക ക്രമക്കേടുകളിൽ പ്രദീപിനെ ഇരയാക്കിയെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് ഉയരുന്ന ആരോപണം.

2023 മെയ് അഞ്ചിനായിരുന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്. പിന്നീട് പ്രദീപിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദമുയരുകയായിരുന്നു. പ്രദീപിൻ്റെ ആത്മഹത്യയുടെ കാരണക്കാരെ ചൊല്ലിയായിരുന്നു വിവാദം. സാമ്പത്തിക ബാധ്യതമൂലമാണ് പ്രദീപ് മരിച്ചതെന്ന് ചില നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലെ സത്യാവസ്ഥാ പുറത്തുകൊണ്ടുവരാൻ ഏരിയാകമ്മറ്റി അം​ഗം തന്നെ പാർട്ടിക്ക് പരാതി നൽകുകയായിരുന്നു.

പ്രദീപിനൊപ്പം പ്രവർത്തിച്ച മുതിർന്ന പ്രവർത്തകരെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരാതി. സഹകരണ ബാങ്കുകളിലും പാർട്ടി ഫണ്ടുകളിലും ഇക്കൂട്ടർ നടത്തിയ വെട്ടിപ്പുകൾ പ്രദീപിനെ കടക്കാരനാക്കിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാകമ്മിറ്റി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. തുടർ പരിശോധനയ്ക്കാണ് പാർട്ടിയുടെ തീരുമാനം. അടുത്ത ദിവസം ഏരിയാതലത്തിൽ തെളിവെടുക്കും. അതേസമയം, അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളുമെന്നാണ് സൂചന.

Back to top button
error: