KeralaNEWS

വകുപ്പുതല അന്വേഷണം തുടരുന്നു; ഐജി പി.വിജയന്റെ സ്ഥാനക്കയറ്റത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ഐജി പി.വിജയന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി തീരുമാനമെടുത്തില്ല. വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ അതുകഴിഞ്ഞശേഷം സ്ഥാനക്കയറ്റം നല്‍കാം എന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പു കേസില്‍ വാര്‍ത്ത ചോര്‍ത്തിയെന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപി: എം.ആര്‍.അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പി.വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നവംബര്‍ 13ന് തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണം തുടരുകയാണ്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുള്ളത്.

ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് ഐജി വിജയനെ മെയ് 18ന് സസ്‌പെന്‍ഡ് ചെയ്തത്. വിശദീകരണംപോലും ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്റെ കാരണങ്ങള്‍ വസ്തുതയ്ക്കു നിരക്കാത്തതാണെന്ന് വിജയന്‍ സര്‍ക്കാരിനു വിശദീകരണം നല്‍കി.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി 2 മാസത്തിനുശേഷം വിജയനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. സെപ്റ്റംബറില്‍ വീണ്ടും അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നായിരുന്നു ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായതിനാല്‍ ഐജി ഗോകുലത്ത് ലക്ഷ്മണിനും സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല.

 

Back to top button
error: