NEWSWorld

ഈ ജന്‍മദിനം അവസാനത്തേതായിരിക്കട്ടെ! ഹമാസ് സ്ഥാപകദിനത്തില്‍ ‘സര്‍വനാശം’ ആശംസിച്ച് ഇസ്രായേല്‍

ജറുസലേം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്റെ 36-ാം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്റെ അവസാന ജന്‍മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. ”36 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്‌സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാസയെ ഹമാസില്‍നിന്ന് മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

അതേസമയം, യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗാസയിലെ ജനങ്ങള്‍. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. മൂന്ന് മാസത്തെ നിരന്തരമായ ബോംബാക്രമണം ദൈനംദിന ജീവിതത്തെ തളര്‍ത്തിയിരിക്കുകയാണ്. തെക്കന്‍ ഗാസയിലെ ഈജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫ പ്രദേശത്ത് പരിമിതമായ സഹായ വിതരണം നടക്കുന്നുണ്ടെന്ന് യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് ഛഇഒഅ അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ഒരു സഹായവും ലഭിക്കുന്നില്ല. ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളില്‍ 1.9 ദശലക്ഷം പേര്‍ പലായനം ചെയ്യപ്പെട്ടതായി യുഎന്‍ കണക്കാക്കുന്നു.

 

Back to top button
error: