അങ്കാറ: റഫറിയിങ്ങില്‍ പിഴവുകള്‍ ആരോപിച്ച് ഫുട്ബോള്‍ ക്ലബ് ഉടമ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി. തുര്‍ക്കിയിലാണ് സംഭവം. എംകെഇ അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീല്‍ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്.
സൈകുര്‍ റിസസ്പോര്‍ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 11 സമനിലയായതോടെയാണ് ക്ലബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. ഫൈനല്‍ വിസിലിനു തൊട്ടുപിന്നാലെ ക്ലബ് പ്രസിഡന്റ് മൈതാനത്തിറങ്ങി റഫറിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുഖം പൊത്തി ഗ്രൗണ്ടില്‍ വീണു കിടന്ന റഫറിയെ മറ്റു ചിലര്‍ തൊഴിക്കുകയും ചെയ്തു.
കളിയില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് റിസസ്പോര്‍ സമനില പിടിച്ചത്. തുടര്‍ന്നു രോഷാകുലരായ കാണികളും മൈതാനം കയ്യേറിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് തുര്‍ക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചതായി ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
താന്‍ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീടു പ്രസ്താവിച്ചു. മത്സരത്തില്‍ ഉടനീളം റഫറിയുടെ പിഴവുകളുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അങ്ങനെ ചെയ്തതെന്നും കോക്ക കൂട്ടിച്ചേര്‍ത്തു.