”ഏഴ് വര്‍ഷമായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്, അച്ഛനെയും അമ്മയെയും മിസ്സ് ചെയ്യുന്നുണ്ട്; ആ വേദന മറക്കാന്‍ ഇപ്പോള്‍ ശീലിച്ചു”
സിനിമാ നിര്‍മാതാവ് ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവല്‍ മലയാളികള്‍ക്ക് പരിചിതയായത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത, നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ്. സ്വപ്ന സഞ്ചാരികള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയാരങ്ങേറ്റം കുറിച്ച അനുവിന്റെ ആദ്യ നായിക റോള്‍ ആയിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലേത്. പിന്നീട് അന്യഭാഷയിലേക്ക് പോയ നടി തന്റെ തുടക്ക കാലത്തെ കുറിച്ച് സംസാരിക്കുന്നു.
ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതും എല്ലാം യുഎസ്സിലാണ്. അതുകൊണ്ട് എനിക്ക് ഇവിടത്തെ സംസ്‌കാരവും ഭാഷയും അത്ര നന്നായി അറിയില്ല. ഞാന്‍ എല്ലാം പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. സാഹചര്യങ്ങളും ഭാഷയും പഠിച്ചെടുക്കാന്‍ എനിക്ക് തുടക്കത്തില്‍ കുറച്ചധികം സമയം വേണ്ടി വന്നു. ഇപ്പോള്‍ എനിക്ക് തമിഴ് പറയാന്‍ അറിയില്ല, എന്നാല്‍ തെലുങ്ക് നന്നായി സംസാരിക്കാന്‍ പറ്റും.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോള്‍ ഞാന്‍ ആസ്വദിയ്ക്കുന്നുണ്ട്. തുടക്കത്തില്‍ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വേദന മറക്കാന്‍ ശീലിച്ചു.
ഒരുപാട് പെണ്‍കുട്ടികള്‍ എത്തപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു മേഖലയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അങ്ങനെ എളുപ്പത്തിലൊന്നും എല്ലാവര്‍ക്കും ഈ അവസരം കിട്ടണം എന്നില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ ഞാന്‍ ഭാഗ്യവതിയാണ്, ഇപ്പോള്‍ അനുഭവിയ്ക്കുന്ന വേദന അത്ര കാര്യമുള്ളതല്ല. ഒരു അഭിനേത്രയാവുമ്പോള്‍ പ്രൈവസി നഷ്ടപ്പെടാതിരിക്കാന്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. അതങ്ങനെയാണ് എന്നും അനു പറഞ്ഞു.