KeralaNEWS

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു; കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ

കൊച്ചി: സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ പ്രശ്നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നു. ഇത് വത്തിക്കാൻ അംഗീകരിച്ചു.

ആലഞ്ചേരിക്ക് തിരിച്ചടിയായത് ഭൂമി വിൽപ്പനയും കുർബാന വിവാദവും 

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ കൂടിയാണ് ഒടുവിൽ പടിയിറങ്ങുന്നത്. സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.

ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്. കേരള കത്തോലിക്കാ സഭയിൽ സമ്പത്തുകൊണ്ടും ആളെണ്ണം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാർ സഭയുടെ അമരത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവിൽപ്പനയിലടക്കം ‘കണക്കുകൂട്ടലുകൾ’  പിഴച്ചിടത്താണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കാലിടറിയത്. സഭാധ്യക്ഷൻ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകൾ വടിവൊത്ത അക്ഷരത്തിൽ വത്തിക്കാനിലേക്കടക്കം എഴുതിക്കൊടുത്തെങ്കിലും കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കർദിനാളിന് തിരിച്ചടിയായത്.

കർദിനാൾ വ‍ർക്കി വിതയത്തിലിന്റെ പിൻഗാമി

2012 ഫെബ്രുവരി 18ന് കർദിനാൾ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ജോ‍ർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളംകാരല്ലത്ത ഒരാൾ എറണാകുളം–അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന ചരിത്രപരമായ നിയോഗം കൂടി ഈ നിയമനത്തിനുണ്ടായിരുന്നു. അക്കാലത്തുതന്നെ മുറുമുറുപ്പുകൾ ഉണ്ടായിരുന്നെങ്കിലും 2017ലെ സഭാ ഭൂമി വിവാദത്തോടെയാണ് അതങ്ങ് കയറിക്കൊളുത്തിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. സഭാതലവനെ സംരക്ഷിക്കാൻ സിനഡും വത്തിക്കാനും ഒപ്പം നിന്നു.

അതിരൂപതയിൽ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്‍റ് മേരീസ് കത്തീട്രലിൽ കാലുകുത്താൻ പോലും വയ്യാത്ത ഗതികേടിലായി ആ‍ലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാർ സഭയിലെ കുർബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കർദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം – അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പ്രശ്നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാർ സഭയുടെ തലവൻ എറണാകുളം – അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ വത്തിക്കാന് നേരിട്ട് റിപ്പോർട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.

എല്ലാം മുൻകൂട്ടിക്കണ്ട കർദിനാൾ ഇതിനിടെ കൊച്ചി നഗരത്തിലെ അതിരൂപതയുടെ അരമനവിട്ട് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് മല കയറിയിരുന്നു. എൺപതിനോടടുക്കുന്ന കർദിനാളിന്‍റെ സ്ഥാനത്യാഗത്തെപ്പറ്റി ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏതാനും വർഷങ്ങളായി വിടാതെ പിന്തുടരുന്ന വിവാദങ്ങൾ കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. തന്നെ കല്ലെറിഞ്ഞവരോടും സൗമ്യതയോടെ പെരുമാറിയ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് സഭയിൽ സമാധാനം എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.

Back to top button
error: