HealthLIFE

ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് ‘വാക്കിംഗ് ന്യുമോണിയ’, എന്താണ് ഇത്?

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. ഇതിനിടെയാണ് വീണ്ടും ചൈനയില്‍ നിന്നൊരു ശ്വാസകോശരോഗം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യം അജ്ഞാതരോഗമെന്ന് വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീടിത് ഒരു ടൈപ്പ് ന്യുമോണിയ ആണെന്ന സ്ഥിരീകരണം വന്നിരുന്നു. ‘വൈറ്റ് ലങ് സിൻഡ്രോം’ എന്നും ഇതിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. രോഗം ബാധിച്ചവരുടെ എക്സ് റേ റിപ്പോര്‍ട്ടില്‍ നെഞ്ചിലായി വെളുത്ത നിറത്തില്‍ പാടുകള്‍ കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ‘വൈറ്റ് ലങ് സിൻഡ്രോം’ എന്ന പേര് വന്നത്.

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ലോകം അതിന്‍റെ ഗൗരവം മുഴുവനായി മനസിലാക്കുന്നതിന് മുമ്പ് തന്നെ ഇത് അതിര്‍ത്തികള്‍ കടന്ന് പ്രയാണം ആരംഭിച്ചിരുന്നു. പിന്നീട് നാം കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണ്. ഈ ഓര്‍മ്മയുള്ളതിനാല്‍ തന്നെ ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിച്ച സാഹചര്യവും ലോകത്തിനെ ചെറുതല്ലാതെ ആശങ്കപ്പെടുത്തുകയാണ്. ഈ ആശങ്ക പല രീതിയിലുള്ള വാര്‍ത്തകളുടെയും പ്രചരണത്തിനും ഇടയാക്കുന്നുണ്ട്.

Signature-ad

ഇപ്പോള്‍ ഇന്ത്യയിലും ചൈനയിലെ ന്യുമോണിയ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇത്തരത്തില്‍ വന്നിട്ടുള്ളതാണ്. ഇന്ത്യയില്‍ കണ്ടെത്തിയത് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ന്യുമോണിയ അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ട വസ്തുത. ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന ന്യുമോണിയ കേസുകള്‍ ‘മൈക്കോപ്ലാസ്മ ന്യുമോണിയ’ അല്ലെങ്കില്‍ ‘വാക്കിംഗ് ന്യുമോണിയ’ ആണ്. എന്താണ് ഇത്?

വളരെ സാധാരണമായി ബാധിക്കപ്പെടുന്ന ബാക്ടീരിയ- വൈറസ്- ഫംഗസ് മൂലമുണ്ടാകുന്ന ന്യുമോണിയ ആണിത്. ഇത് വളരെ ഗൗരവമായ തരത്തിലേക്ക് എത്താത്ത രോഗമായതിനാല്‍ തന്നെ വീട്ടിലോ ആശുപത്രിയിലോ വിശ്രമിക്കേണ്ട കാര്യം പോലും വരാറില്ലെന്നതിനാലാണത്രേ ഇതിന് ‘വാക്കിംഗ് ന്യുമോണിയ’ എന്ന പേര് വന്നിരിക്കുന്നത്.

അതേസമയം ഈ ന്യുമോണിയ കേസുകളില്‍ കാര്യമായ വര്‍ധനവ് കാണുന്നത് അല്‍പം ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനാല്‍ തന്നെ ജാഗ്രതയോടെ നീങ്ങാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം.

തൊണ്ടവേദന, തുമ്മല്‍, ചുമ, തലവേദന, ചെറിയ രീതിയില്‍ കുളിര്. ചെറിയ പനി എന്നിവയെല്ലാമാണ് ‘വാക്കിംഗ് ന്യുമോണിയ’യുടെ ലക്ഷണങ്ങളായി സാധാരണനിലയില്‍ കാണാറ്. ആന്‍റിബയോട്ടിക്സോ ലക്ഷണങ്ങളെ ശമിപ്പിക്കാനുള്ള മരുന്നോ എടുത്താല്‍ തന്നെ രോഗശമനവും ഉണ്ടാകും. എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയിലെത്തി കഴിയാവുന്ന പരിശോധനകളെല്ലാം നടത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ചികിത്സ എടുക്കുന്നത് തന്നെയാണ് നല്ലത്.

 

Back to top button
error: