കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹർജിക്കെതിരെ കേസിൽ പ്രതിയായ നടൻ ദിലീപ് കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.