KeralaNEWS

സർക്കാർ ഓഫീസിന്റെ ബോര്‍ഡുകളില്‍ പകുതി മലയാളം പകുതി ഇംഗ്ലീഷ്, ഡിസംബര്‍ 30നകം പുതിയ പരിഷ്ക്കാരം

     തിരുവനന്തപുരം: ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണം എന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഓഫീസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യനേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയാറാക്കണം.

ഹാജര്‍പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയാറാക്കി മലയാളത്തില്‍ത്തന്നെ രേഖപ്പെടുത്തലുകള്‍ വരുത്തണം. ഫയലുകള്‍ പൂര്‍ണമായും മലയാളത്തില്‍ കൈകാര്യം ചെയ്യണം. ഭരണഭാഷാ ഉപയോഗം സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ ഏഴു സാഹചര്യങ്ങളിലും ന്യൂനപക്ഷഭാഷകളായ തമിഴ്, കന്നഡ എന്നിവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലുമൊഴികെ ഫയല്‍നടപടി പൂര്‍ണമായും മലയാളഭാഷയിലായിരിക്കണം. ഇംഗ്ലീഷ്/ന്യൂനപക്ഷഭാഷയില്‍ കത്തുകള്‍ തയാറാക്കുമ്പോള്‍ കുറിപ്പുഫയല്‍ മലയാളത്തിൽ ആയിരിക്കണം.

മലയാളദിനപത്രങ്ങള്‍ക്കു നല്‍കുന്ന പരസ്യങ്ങള്‍, ടെണ്ടര്‍ ഫോറങ്ങള്‍ എന്നിവ പൂര്‍ണമായും മലയാളത്തില്‍ നല്‍കണം. ഭരണരംഗത്ത്, 2022ലെ ലിപിപരിഷ്‌കരണ നിര്‍ദേശപ്രകാരമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കണം. ഇല ഫോണ്ട്  കേരളസര്‍ക്കാരിന്റെ വെബ്‌പോര്‍ട്ടലില്‍ ലഭ്യമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.  ഈ നടപടികള്‍ എല്ലാ വകുപ്പുതലവന്മാരും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപന മേധാവികളും ഡിസംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Back to top button
error: