കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കു വേണ്ടിയാണ് സ്റ്റെബിൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരണപ്പെട്ടു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ചാണ് സ്റ്റെബിൻ എത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയതിലെ പിഴവെന്നാണ് കുടംബത്തിൻ്റെ ആരോപണം. എന്നാൽ ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം.
മരിച്ച ദിവസം പോസ്റ്റുമോർട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ കൽപ്പറ്റ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതേദഹം പുറത്തെടുത്തു. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ് സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി