ദില്ലി: കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച ചോദ്യം ലോക്സഭയിൽ ഉന്നയിച്ച കെ മുരളീധരൻ എം പിക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയിട്ടുണ്ടോ എന്നായിരുന്നു വടകര എം പിയായ മുരളീധരൻ ലോക്സഭയിൽ ചോദിച്ചത്. പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ എത്രയെണ്ണത്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്കെതിരെ ഇ ഡി ഇതുവരെ പിഴ ചുമത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ മറുപടി. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെയുള്ള 9 ബാങ്കുകള്‍ക്കെതിരെയാണ് നിയമലംഘനത്തിന് നടപടി എടുത്തിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചത്. സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ കുംഭകോണങ്ങളെ കുറിച്ചുള്ള വിവരം മന്ത്രാലയത്തിന്‍റെ കൈയ്യില്‍ ഇല്ലെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.