കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ് പരാതി. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും അടച്ചുപൂട്ടി. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ പ്രതിസന്ധിയിലായത്. കമ്പനി ഉടമകളെ ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാരും.
നിത്യവരുമാനത്തില്‍നിന്ന് പല ആവശ്യങ്ങള്‍ക്കായി കരുതിവച്ചതെല്ലാം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഡെയ്‌ലി കലക്ഷന്‍ മുതല്‍ സ്ഥിരനിക്ഷേപം വരെ ആയിട്ടാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, അങ്ങനെ വഞ്ചിക്കപ്പെട്ടവരിലേറെയും സാധാരണക്കാരാണ്.
2021 ലാണ് കണ്ണൂര്‍ ആസ്ഥാനമായി റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി എന്ന സ്ഥാപനം നിലവില്‍ വരുന്നത്. കമ്പനി ആക്ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനില്‍ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയര്‍മാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ഇയാളുടെ സഹോദരനും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയുമായ രാഹുല്‍ ചാക്രപാണിയുടെ ചിത്രങ്ങളും വെബ്‌സൈറ്റിലുണ്ട്.
കാസര്‍കോട് മുതല്‍ എറണാകുളം വരെ 85 ബ്രാഞ്ചുകളുണ്ടായിരുന്നു. എണ്ണൂറിലധികം ജീവനക്കാര്‍ വിവിധ ബ്രാഞ്ചുകളിലായി ജോലി ചെയ്തിരുന്നു. അഞ്ച് മാസത്തിലധികമായി ഇവര്‍ക്കും ശമ്പളമില്ല. ബ്രാഞ്ചുകളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടി.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നു നിക്ഷേപകര്‍ പറയുന്നു. പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ വീടുകളിലെത്തി തുടങ്ങിയതോടെ ഇവരും പ്രതിസന്ധിയിലായിട്ടുണ്ട്. കമ്പനി ഉടമകളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന മറുപടിയാണ് ജീവനക്കാരും നല്‍കുന്നത്.