മുണ്ടും ഷര്‍ട്ടും ധരിച്ചയാളെ തടഞ്ഞു; കോലിയുടെ റസ്റ്ററന്റിനെതിരെ പോസ്റ്റ്
മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെത്തുടര്‍ന്ന് മുംബൈയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി രംഗത്തെത്തി. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരില്‍ ജുഹുവിലെ ‘വണ്‍ 8 കമ്യൂണ്‍’ എന്ന റസ്റ്ററന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നത്.
മുംബൈയില്‍ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തുവെന്നും പിന്നാലെതന്നെ ‘വണ്‍ 8 കമ്യൂണ്‍’ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍, പ്രവേശനകവാടത്തില്‍വച്ചുതന്നെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം.
10 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. തമിഴ്നാട്ടില്‍ ധരിക്കുന്ന വെള്ള ഷര്‍ട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. അതേസമയം, സമൂഹമാധ്യമങ്ങളില്‍ ഇരുകൂട്ടരെയും അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.