കൊച്ചി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരെ തന്റെ സാന്നിധ്യം ക്രിസ്റ്റി ഫെര്‍ണാണ്ടസ് അറിയിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 2014 ലെ ലോക്ടസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ.വി തോമസിനെതിരെ ഇടത് സ്ഥാനാര്‍ഥിയായി ക്രിസ്റ്റി ഫെര്‍ണാണ്ടസ് മത്സരിച്ചിരുന്നു. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത് മുതല്‍ അവരുടെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.
കൊല്ലം ക്ലാപ്പന സ്വദേശിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ്. ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തില്‍ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും ക്രിസ്റ്റി ഫെര്‍ണാണ്ടസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.