KeralaNEWS

ജാതിപീഡന പരാതിയുന്നയിച്ച രാജ്ഭവന്‍ ജീവനക്കാരനെ പുറത്താക്കി; ഉടന്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവനില്‍ ജാതിപീഡന പരാതിയെത്തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. പരാതി ഉന്നയിച്ച ജീവനക്കാരനെ മേലുദ്യോഗസ്ഥര്‍ പുറത്താക്കി. എന്നാല്‍ 24 മണിക്കൂറിനകം ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു.

രാജ്ഭവന്‍ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് മരിച്ചത് ജാതിപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗാര്‍ഡര്‍ സൂപ്പര്‍വൈസര്‍ ബൈജു, അസിസ്റ്റന്റ് അശോകന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. മകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജേഷിന്റെ മാതാപിതാക്കള്‍ സംസ്ഥാന പട്ടിക വര്‍ഗ കമ്മിഷനെ സമീപിക്കുകയും ചെയ്തു.

Signature-ad

വിജേഷ് നേരിട്ടതിന് സമാനമായി പീഡനം താനും നേരിട്ടതായി രാജ്ഭവനിലെ ഗാര്‍ഡന്‍ ജീവനക്കാരന്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട്
വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ബൈജുവും അശോകനും ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിക്കും മനുഷ്യാവകാശ കമ്മിഷനും ഗോപാലകൃഷ്ണന്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കിയതിന് പിന്നാലെ രാജ്ഭവന്‍ ഡെപ്യൂട്ടി സെക്രട്ടറി കെ.ആര്‍ മധു ശനിയാഴ്ച ഗോപാലകൃഷ്ണനെ ജോലിയില്‍ നിന്ന് പുറത്താക്കി.

ഇക്കാര്യം ചില ജീവനക്കാര്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഗോപാലകൃഷ്ണനെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

Back to top button
error: