IndiaNEWS

ഡിസംബറോടെ കലാവധി കഴിയും, ആധാർ മുതൽ ​ഗൂ​ഗിൾ പേ വരെയുള്ള 9 സാമ്പത്തിക കാര്യങ്ങൾ മറക്കരുത്

   ഡിസംബർ എത്തി. 2023 കലണ്ടർ വർഷത്തിലെ അവസാന മാസം എന്ന പോലെതന്നെ നിർണായകമായ ചില സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങൾക്കും നടപടികൾക്കും അനുവദിച്ചു നൽകിയ സമയപരിധി ഡിസംബറിൽ അവസാനിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഈ 9 സാമ്പത്തിക കാര്യങ്ങൾ മറക്കരുത്.

ആധാർ കാർഡ് പുതുക്കൽ

സുപ്രധാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് സ്വന്തമാക്കിയിട്ട് പത്ത് വർഷം തികഞ്ഞവർക്ക്, സൗജന്യമായി ആധാർ വിശദാംശങ്ങൾ പുതുക്കാനുളള സമയപരിധി ഡിസംബർ 14ന് കഴിയും. ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനുമായാണ് ആധാർ ഏജൻസി യുഐഡിഎഐയുടെ നടപടി.

ബാങ്ക് ലോക്കർ

ബാങ്കിൽ ലോക്കർ സേവനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾ പുതുക്കിയ എഗ്രിമെന്റ് ഒപ്പിട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31ന് അവസാനിക്കും.
ലോക്കർ എഗ്രിമെൻ്റ് 2022 ഡിസംബർ 31ന് മുൻപ്  സമർപ്പിച്ചവർ ഒരിക്കൽ കൂടി പുതുക്കിയ കരാർ സമർപ്പിക്കേണ്ടത്.

അമ്യത് കലശ് എഫ്ഡി

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ എസ്ബിഐയുടെ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതിയായ അമ്യത് കലശ് എഫ്ഡി യിൽ നിക്ഷേപിക്കാനുള്ള സമയപരിധി 2023 ഡിസംബർ 31ന് അവസാനിക്കും. നേരത്തെ നിരവധി തവണ നിക്ഷേപകർക്കായി സമയപരിധി നീട്ടി നൽകിയിരുന്നു. നിക്ഷേപത്തിൽ 7.1 ശതമാനമാണ് പലിശ ലഭിക്കുക. നിലവിൽ എസ്ബിഐയിലെ സ്ഥിര നിക്ഷേപ പദ്ധതികളിൽ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്കീം കൂടിയാണിത്.

ഭവന വായ്പ ആനുകൂല്യം

എസ്ബിഐ ഉപഭോക്താക്കൾക്ക് ഭവന വായ്പയിൽ 65 അടിസ്ഥാന പോയിന്റ് അഥവാ 0.65 ശതമാനം വരെ ഇളവ് അനുവദിക്കുന്ന പ്രത്യേക ഓഫറിന്റെ കാലാവധി 2023 ഡിസംബർ 31ന് അവസാനിക്കും. റെഗുലർ ഹോം ലോൺ, ഫ്ലെക്സിപേ, എൻആർഐ, നോൺ-സാലറീഡ്, പ്രിവിലേജ്, അപുൻ ഘർ എന്നീ വിഭാഗങ്ങളിലെ ഭവന വായ്പ അപേക്ഷകളിൽ പലിശ ഇളവ് ആനുകൂല്യം ലഭിക്കും.

നോമിനേഷൻ

നിലവിൽ ഡീമാറ്റ് അക്കൗണ്ട്, മ്യൂച്ചൽ ഫണ്ട് എന്നിവ കൈവശമുളളവർ, ഒരു നോമിനിയെ നിർദേശിക്കാനുള്ള സമയപരിധി 2023 ഡിസംബർ 31ന് അവസാനിക്കും. ഇതിനുശേഷം നോമിനിയെ നിർദേശിക്കാത്ത ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുമെന്നാണ് സെബിയുടെ (SEBI) മുന്നറിയിപ്പ്.

ഫിസിക്കൽ ഷെയർ

കൈവശം ഇപ്പോഴും ഫിസിക്കൽ ഷെയർ ഉള്ള നിക്ഷേപകർ, പാൻ കാർഡ് നമ്പർ, നോമിനി, ബന്ധപ്പെടാനുള്ള വിശദാംശം, ബാങ്ക് അക്കൗണ്ട് വിശദാംശം, ഒപ്പിന്റെ പകർപ്പ് എന്നിവ നൽകണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണ്. ഇതിനുള്ള സമയപരിധി 2023 ഡിസംബർ 31ന് അവസാനിക്കും. ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത ഫോളിയോ മരവിപ്പിക്കുമെന്ന് സെബി കർശനമായി തന്നെ പറയുന്നു.

യുപിഐ ഐഡി

ഒരു വർഷത്തിലധികമായി ഉപയോഗിക്കാത്ത യുപിഐ ഐഡികൾ 2023 ഡിസംബർ 31ന് ശേഷം റദ്ദാക്കണമെന്ന് ഗൂഗിൾപേ, പേടിഎം, ഫോൺപേ പോലുള്ള തേഡ് പാർട്ടി ആപ്പ് പ്രൊവഡർമാർക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർക്കും നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശം നൽകിയിട്ടുണ്ട്.

ഐഡ‍ിബിഐ ബാങ്ക്

പ്രമുഖ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഐഡിബിഐ ബാങ്കിന്റെ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളായ അമൃത് മഹോത്സവ് എഫ്ഡിയിൽ ചേരാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. രണ്ട് കോടിയിൽ താഴെയുള്ള തുക 375, 444 ദിവസക്കാലയളവിലേക്കാണ് നിക്ഷേപിക്കേണ്ടത്.

Back to top button
error: