KeralaNEWS

കോണ്‍ഗ്രസ് നേതൃത്വം തടയാൻ ശ്രമിച്ചു, പക്ഷേ എ.വി ഗോപിനാഥ് പാലക്കാട് നവകേരള സദസില്‍ എത്തി; മുഖ്യമന്ത്രിയുടെ പരിപാടി വന്‍ വിജയയമെന്നും ഗോപിനാഥ്

     കെ.പി.സി.സി പ്രസിഡന്റും ദൂതന്മാരും തടയാൻ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് ഒടുവിൽ നവകേരള സദസില്‍ എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കാണുമ്പോള്‍ പാലക്കാട് ജില്ലയിലെ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാനാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് ആണ് ആഹ്വാനം ചെയ്തതെന്നും താനല്ലെന്നും പറഞ്ഞ ഗോപിനാഥ് മുഖ്യമന്ത്രിയുടെ പരിപാടി  വന്‍ വിജയമാണെന്നും വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി സൗഹൃദ സംഭാഷണം നടത്താറുണ്ടെന്നും എന്നാല്‍ രാഷ്ട്രീയം സംസാരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസില്‍ തുടരാനാണ് ആഗ്രഹം. എന്നാല്‍ നാളെ എന്താണെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. തന്റെ രാഷ്ട്രീയ നിലപാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ വ്യക്തമാക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ കാറിലാണ് അദ്ദേഹം നവകേരള സദസിന്റെ വേദിയിലെത്തിയത്.

ദേവാസുരത്തിലെ ലാലേട്ടനെ പോലെയാണ് ഗോപിയേട്ടന്‍’ എന്ന്  വിശേഷിപ്പിച്ചു കൊണ്ട് രമ്യ ഹരിദാസ് എം.പി എത്തി എ.വി.ഗോപിനാഥിനെ ഒടുവിൽ അനുനയിപ്പിക്കാൻ ശ്രമിച്ചത്. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച്ച.
പക്ഷേ രമ്യ ഹരിദാസിന്റെ ദൗത്യവും ഫലം കണ്ടില്ല.

എ.വി ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് ഫറോഖ് ബ്ലോക് ജനറല്‍ സെക്രട്ടറി എം മമ്മുണ്ണിയെ  ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ സസ്പെന്‍ഡ് ചെയ്തു.

നവകേരള സദസിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് നടന്ന പ്രഭാത യോഗത്തില്‍ മമ്മുണ്ണി പങ്കെടുത്തിരുന്നു. വ്യാപാരി വ്യവസായി സമിതി ഫറോഖ് യൂണിറ്റ് ഭാരവാഹികൂടിയാണ് മമ്മുണ്ണി.

യു.ഡി.എഫ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നവ കേരള സദസില്‍ പങ്കെടുത്ത സേവാദള്‍ കാസർകോട് ജില്ലാ ചെയര്‍മാൻ ഉദ്ദേശ്കുമാറിനെ  സ്ഥാനത്തുനിന്ന് നീക്കിയതായി സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി അറിയിച്ചു. നവ കേരള സദസ്സിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം പരിപാടിയിലാണ് ഉദ്ദേശ് പങ്കെടുത്തത്. ഇതേ പരിപാടിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് അംഗം നവീന്‍ കുമാര്‍ പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാലിക്കടവില്‍ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.

Back to top button
error: