കൊച്ചി: പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗര്‍ഭിണിയായതില്‍ നഷ്ടപരിഹാരം തേടി യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സിഎസ് സുധ തള്ളിയത്.
കീഴ്‌ക്കോടതി ഹര്‍ജി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില കേസുകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാല്‍ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാലു കുട്ടികളുള്ള യുവതി 1987ലാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയയായത്.