മലപ്പുറം: സല്യൂട്ട് ചെയ്തു മടങ്ങുമ്പോള്‍ എന്‍സിസി കെഡറ്റിന്റെ കൈ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ തട്ടി. മഞ്ചേരിയിലെ നവകേരള സദസ്സിന്റെ വേദിയില്‍ മുഖ്യമന്ത്രി ഏതാനും സമയം അസ്വസ്ഥനായി. കസേരയില്‍ ഇരുന്ന് കണ്ണു തിരുമ്മിയ മുഖ്യമന്ത്രി പിന്നീട് മൈക്കിനടുത്തേക്ക് പ്രസംഗിക്കാനെത്തി.
പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം ഡോക്ടര്‍ ബസിനടുത്തുവച്ച് അദ്ദേഹത്തെ പരിശോധിക്കുകയും കണ്ണിലെ നീര്‍ക്കെട്ട് ഒഴിവാക്കാന്‍ തുള്ളിമരുന്നു നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയപ്പോള്‍ പുസ്തകമായിരുന്നു ഉപഹാരം നല്‍കിയത്. എന്‍സിസി കെഡറ്റുകള്‍ക്കായിരുന്നു ഇതിന്റെ ചുമതല.
മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കിയ ശേഷം കൈവീശി കെഡറ്റ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി പുസ്തകം താഴെ വയ്ക്കാന്‍ കുനിഞ്ഞു. ഈ സമയം കൈ കണ്ണില്‍ തട്ടുകയായിരുന്നു. കണ്ണു തിരുമ്മി അസ്വാസ്ഥ്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ അടുത്ത് ആദ്യം കെഡറ്റും പിന്നീട് ടി.കെ.ഹംസയും എത്തി. മന്ത്രി വീണാ ജോര്‍ജ് സമീപത്തെത്തിയപ്പോഴേക്കും മുഖ്യമന്ത്രി മൈക്കിനടുത്ത് എത്തി പ്രസംഗിക്കാന്‍ തുടങ്ങുകയായിരുന്നു.