KeralaNEWS

നാലാം നാളും പൊലീസ് ഇരുട്ടില്‍ തന്നെ, പ്രതികള്‍ എവിടെ, തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ലക്ഷ്യമെന്ത്…?  

      ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന ഉദ്വേഗവും നാടകീയതയുമാണ് ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉടനീളം. നാലാംനാളും തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനാകാതെ  ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.

എഡിജിപി എം.ആർ അജിത്കുമാർ നേരിട്ട് അന്വേഷണത്തിനു നേതൃത്വം നൽകുന്നു, പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം എന്നു വേണ്ട കിണഞ്ഞു ശമിച്ചിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല ഇതുവരെ പൊലീസിന്. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അയല്‍ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾക്കായി ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ തിരച്ചിൽ നടക്കുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ അയൽജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.

Signature-ad

ഇവര്‍ ഒരു സംഘം മാത്രമാണോ, അതോ ഒന്നിലധികം സംഘങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. പലയിടങ്ങളില്‍ ഒരേ സമയം സമാനമായ കാറുകള്‍ കണ്ട പശ്ചാത്തലത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതായും സംശയമുണ്ട്. ആശ്രാമം  മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി പ്രതികള്‍ കുട്ടിയുമായി തങ്ങിയത് കൊല്ലം നഗരത്തിലെന്നാണ് സൂചന. നാടു മുഴുവൻ പൊലീസ് അരിച്ചുപെറുക്കുമ്പോൾ സംഘം ഏതു താവളത്തിൽ തങ്ങിയതെന്നത് ഇപ്പോഴും ദുരൂഹമാണ്.

ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10 കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്ത് എത്തുന്ന പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച ഒരു വെള്ളകാര്‍ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി. ചിറക്കര ചാത്തന്നൂര്‍ റൂട്ടില്‍ പോയതായുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം അവസാനം കിട്ടിയത്. ഇന്നലെ ചിറക്കരയില്‍ നിന്നും കാര്‍ ബ്ലോക്ക് മരം ജംഗ്ക്ഷനിലേക്കും പിന്നെ പരവൂര്‍- പാരിപ്പള്ളി ഭാഗങ്ങളിലേക്കും പോകുന്നതിന്റയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടി. പക്ഷെ സഞ്ചാരപഥം കൃത്യമല്ല

പാരിപ്പള്ളിയിൽ ഓട്ടോയിൽ എത്തിയ പ്രതികൾ അവിടെ ഏഴ് മിനിട്ട്  ചിലവിട്ടു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഈ ദൃശ്യങ്ങൾ നിർണായകമാണ്. സംഘാംഗമായ യുവതി കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും  പരിസരങ്ങളിലും ഇന്നലെ പൊലീസ് അരിച്ചു പെറുക്കി. എന്നാൽ, കുട്ടിയുമായി നഗരത്തിലെത്തിയെന്നു പറയുന്ന നീല നിറത്തിലുള്ള വാഹനമോ ഇവർ തങ്ങിയെന്നു പറയുന്ന വീടോ കണ്ടെത്താനായില്ല. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു തെളിഞ്ഞു. ഇതു നിർമിച്ചു നൽകിയവർക്കായും തിരച്ചിൽ തുടങ്ങി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് അപ്പപ്പോൾ നിർദേശങ്ങൾ നൽകാൻ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുമായി സഞ്ചരിച്ച കാറിലുള്ളവർക്ക് പൊലീസിന്റെ നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും ഉണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതമായി തുടരുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. സംഘത്തില്‍ എത്രപേര്‍ ഉണ്ട് എന്നതിലും വ്യക്തതയില്ല. രണ്ടു സ്ത്രീകളുണ്ടെന്നാണ് പൊലീസിന്റെ് സംശയം. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുണ്ട് എന്നതിനാല്‍ വഴി തെറ്റിച്ച് പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്

Back to top button
error: