LocalNEWS

അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശനഷ്ടം; രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണ്ണമായും നശിച്ചു

തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ കടൽ ക്ഷോഭത്തിൽ പാച്ചല്ലൂർ പനത്തുറയിൽ തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് വ്യാപക നാശനഷ്ടം. രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റ് ആറ് വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃഷ്ണകുമാർ എന്നയാളിന്റെയും മറ്റൊരാളിന്റെയും വള്ളവും വലയും മറ്റ് ഉപകരണങ്ങളുമാണ് പൂർണമായും നഷ്ടമായത്. ഓരോരുത്തർക്കും പത്ത് ലക്ഷത്തിലധികം രൂപയു നഷ്ടമുണ്ടായതായാണ് പ്രാധമിക നിഗമനം. ബാബു, മുരുകൻ, ബാലകൃഷണൻ, ഭുവനചന്ദ്രൻ, ശ്രീകണ്ഠൻ, മനോഹരൻ എന്നിവരുടെ വള്ളങ്ങളാണ് ഭാഗികമായി നശിച്ചത്. വലകളും മറ്റ് ജീവനോപാധികളും നഷ്ടമായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയാണ് ശക്തമായ കടൽ ക്ഷോഭമുണ്ടായത്.

കമ്പവല വലിക്കുന്നതിന് സപ്പോർട്ടായി ഉപയോഗിക്കുന്ന വള്ളങ്ങളാണ് നശിച്ചതിൽ ഏറെയും. രാവിലെ മീൻ പിടിക്കാൻ എത്തിയ തൊഴിലാളികളാണ് വള്ളങ്ങൾ കൂട്ടിയിടിച്ച് നശിച്ചതായി കണ്ടത്. ഉടൻ തന്നെ മറ്റ് വള്ളങ്ങൾ ഇവർ മാറ്റിയതിനാൽ കൂടുതൽ വള്ളങ്ങൾ നശിക്കുന്നത് തടയാനായി. നശിച്ചവ രജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങളായതിനാൽ നഷ്ടപരിഹാര ത്തിന്റെ കാര്യത്തിൽ അധികൃതർ പൂർണ്ണമായ ഉറപ്പു നൽകിയിട്ടില്ല.

Signature-ad

കടലെടുത്ത വലകൾ വീണ്ടെടുക്കാൻ മറൈൻ ആംബുലൻസിൽ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിവരമറിഞ്ഞ് ഡെപ്യൂട്ടി തഹസിൽദാർ ബൈജു,തിരുവല്ലം എസ്.ഐ. തോമസ്, ഫിഷറീസ് മെക്കാനിക്കൽ എൻജിനിയർ ബിനു എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.

സാധാരണയായി തിരയടി ബാധിക്കാത്ത സ്ഥലത്താണ് ഇന്നലെ കടൽ കടന്ന് കയറിയത്. കടൽ ക്ഷോഭത്തിന്റെ അലയൊലികൾ കോവളം ബീച്ചിലുമുണ്ടായി. ഉച്ചവരെ ഇവിടെയും കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നതായി അധികൃതർ അറിയിച്ചു. പനത്തുറ വെള്ളച്ചിമാറയിൽ ഇന്നലെ അർദ്ധരാത്രിയിൽ ഉണ്ടായ കടൽ ആക്രമണത്തിൽ വള്ളങ്ങളും, മത്സ്യബന്ധന ഉപകരണങ്ങളും പൂർണമായും ഭാഗികമായും നഷ്ടപ്പെട്ട ഉടമകൾക്കും, മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്കും അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പനത്തുറ പി ബൈജു, പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് പനത്തുറ പ്രശാന്തൻ എന്നിവർ സർക്കാറിനോട് ആവശ്യപെട്ടു.

Back to top button
error: