SportsTRENDING

ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

ഗുവാഹാട്ടി: ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ.
ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിച്ച ഗ്ലെൻ മാക്സ്വെല്ലിന്റെ മികവിൽ 5 വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.
48 പന്തുകൾ മാത്രം നേരിട്ട മാക്സ്വെൽ എട്ട് വീതം സിക്സും ഫോറുമടക്കം 104 റൺസോടെ പുറത്താകാതെ നിന്നു.
ആറാം വിക്കറ്റിൽ ഒന്നിച്ച മാക്സ്വെൽ – ക്യാപ്റ്റൻ മാത്യു വെയ്ഡ് സഖ്യമാണ് ടീമിന് ആവേശ ജയം സമ്മാനിച്ചത്. 91 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ഇന്ത്യയിൽ നിന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ 21 റൺസായിരുന്നു ഓസീസിന് ജയത്തിലേക്ക് വേണ്ടത്. ഇരുവരും നാല് ഫോറും ഒരു സിക്സും പറത്തിയതോടെ ഓസീസ് അനായാസം ജയം കണ്ടു. അക്ഷർ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ ഇരുവരും ചേർന്ന് 22 റൺസടിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി.
223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മോശം തുടക്കമായിരുന്നു.പിന്നീടായിരുന്നു മാക്സ്വെലിന്റെ വെടിക്കെട്ട് ബാറ്റിംഗ്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ചുറി മികവിലാണ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തത്. 57 പന്തുകൾ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്സും പറത്തി 123 റൺസോടെ പുറത്താകാതെ നിന്നു. ട്വന്റി 20-യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളിൽ വെറും 22 റൺസ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 101 റൺസാണ്.

Back to top button
error: