കണ്ണിരും ആശങ്കകളും നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ മകൾ അബിഗേൽ സാറയെ കാണാൻ അമ്മ സിജി ഓടി എത്തി. കൊല്ലം എ.ആർ ക്യാംപിൽ വച്ചായിരുന്നു വികാര സാന്ദ്രമായ ആ കൂടിക്കാഴ്ച. സിജി, അബിഗേലിനെ വാരിപ്പുണരുന്ന കാഴ്ച അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണു നനയിച്ചു.
ഓയൂരിൽനിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ 6 വയസുകാരി അബിഗേൽ, അമ്മയുടെ മടിയിലിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു രാത്രിയും പകലും നീണ്ട ആശങ്കകൾക്കും കാത്തിരിപ്പിനും ഒടുവിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്.
പിതാവ് റെജി, അമ്മ സിജി, സഹോദരൻ ജൊനാഥൻ എന്നിവർക്ക് ഒപ്പമാണ് എ.ആർ ക്യാംപിൽനിന്ന് അബിഗേല്‍ ആശുപത്രിയിലേക്കു പോയത്. അതിനു മുൻപ് അബിഗേൽ അമ്മയുമായി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. സ്ക്രീനിൽ മകളുടെ മുഖം കണ്ടപ്പോൾ പൊട്ടിക്കരച്ചിലോടെയാണ് സിജി പ്രതികരിച്ചത്. പിന്നെ മൊബൈൽ ഫോണ്‍ ചുണ്ടോടു ചേർത്ത് മകൾക്കു ഉമ്മകൾ നൽകി. അബിഗേലിനെ ഒരു ദിവസം കൂടി നിരീക്ഷണത്തിൽ വയ്ക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, സിജിയും മകൻ ജൊനാഥനും കൂടി എആർ ക്യാംപിലേക്ക് എത്തിയത്. പിതാവ് റെജി തുടക്കം മുതലേ ഇവിടെ ഉണ്ടായിരുന്നു.
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. മഞ്ഞ ചുരിദാർ ധരിച്ച ഒരു സ്ത്രീ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുനിന്ന് ഓട്ടോയില്‍ കയറ്റി അബിഗേലിനെ ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം കടന്നുകളയുകയാണ് ഉണ്ടായത്. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന വിവരം നേരത്തേ ലഭിച്ചിരുന്നതായി പൊലീസ് ഇപ്പോൾ പറയുന്നു.
സ്ഥലപരിചയമുള്ളതിനാലാണ് പൊലീസിനെ വെട്ടിച്ച് ഇവർക്കു കടക്കാനായത്. പട്ടാപ്പകൽ കുട്ടിയെ തിരക്കേറിയ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാൻ ധൈര്യം നൽകിയതും സ്ഥലപരിചയവും ആരും തിരിച്ചറിയില്ലെന്ന ആത്മവിശ്വാസം തന്നെ.
അതേസമയം, പൊലീസ് ശക്തമായ പരിശോധന നടത്തിയിട്ടും കുട്ടിയെ ഉപേക്ഷിക്കാൻ സംഘത്തിലെ സ്ത്രീ പകൽ സമയം ഓട്ടോറിക്ഷയിൽ എത്തിയത് പൊലീസിനു നാണക്കേടായി.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവർ തന്നെ എന്നാണു പൊലീസ് നല്‍കുന്ന സൂചന. കൊല്ലം നഗരത്തിൽ കുപ്രസിദ്ധ ക്രിമിനലിനെയും ഇയാളുടെ ബന്ധുവായ യുവതിയെയും ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭ്യമായിട്ടില്ല. എഡിജിപി എം.ആർ അജിത്കുമാർ നേരിട്ടാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്