ചെന്നൈ: കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകനെ ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യന്‍ പുകഴ്ത്തിയതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ അസ്വാരസ്യം. താന്‍ നേരില്‍ക്കാണാനും ഒപ്പമിരുന്നു ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്ന നേതാവാണു പ്രഭാകരനെന്നു അദ്ദേഹത്തെ നേരില്‍ക്കണ്ടാല്‍ ‘മുല്ലൈവയ്ക്കല്‍’ കൂട്ടക്കൊല സംഭവത്തില്‍ മാപ്പു പറയാന്‍ ആഗ്രഹമുണ്ടെന്നും തമിഴച്ചി സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ കോണ്‍ഗ്രസ് തമിഴ്‌നാട് നേതൃത്വം ഉള്‍പ്പെടെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പ്രഭാകരനെ വാഴ്ത്തുന്നത് ഇന്ത്യ മുന്നണിയിലെ ആര്‍ക്കും യോജിച്ചതല്ല. രാജീവ് ഗാന്ധിയുടെ ദാരുണമായ കൊലപാതകം മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പ്രഭാകരന്‍ വീരപ്പന്‍ തമിഴ് ദേശീയവാദം, ഹിന്ദുത്വ ദേശീയത പോലെയാണെന്നും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അതിനിടെ, പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് യൂറോപ്പിലെ തമിഴ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലണ്ടനിലും സ്‌കോട്ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടു. വീരന്മാരുടെ ദിനം ആയി നവംബര്‍ 27 തമിഴ് പുലികള്‍ ആചരിച്ചിരുന്നു. ഈ ദിവസം വേലുപിള്ള പ്രഭാകരന്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നത് പതിവായിരുന്നു.
എന്നാല്‍, വേലുപിള്ള പ്രഭാകരന്റെ മകളുടേതെന്ന അവകാശവാദത്തോടെ പുറത്തുവിടാന്‍ പോകുന്ന ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി (എഐ) സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ ആയിരിക്കും പുറത്തുവിടുന്നതെന്നാണ് സംശയം. ഇക്കാര്യം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. 2009-ല്‍ വേലുപിള്ള പ്രഭാകരനൊപ്പം മകള്‍ ദ്വാരകയെയും ലങ്കന്‍ സൈന്യം കൊലപെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രഭാകരന്‍ പിടിയിലാകും മുന്‍പ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി ലങ്കന്‍ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്.