LIFEMovie

”മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ്”! അതില്‍ നിന്നും പുറത്തുവരാന്‍ തന്നെ ഞാന്‍ കുറേ സമയം എടുത്തു; കാതലിനെ കുറിച്ച് സമന്ത

ജിയോ ബേബി – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നു അതും ജ്യോതിക നായിക ആയി. ഈ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. അധികം ആരും പരീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയത്തിലൂടെ പ്രേക്ഷകരുടെ ഉള്ളം കീഴടക്കുകയാണ് മമ്മൂട്ടിയും ജിയോബേബിയും. നിരവധി ആളുകളാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമന്ത. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് സമന്ത കാതലിനെ വനോളം പുകഴ്ത്തുന്നത്. ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ. നിങ്ങള്‍ സ്വയം ഒരു ഉപകാരം ചെയ്യുക, ഒരു മനോഹരവും ശക്തവുമായ രത്‌നം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ നിങ്ങള്‍ കാണണം. മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ്. താങ്കളുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് അതില്‍ നിന്നും പുറത്തുവരാന്‍ തന്നെ ഞാന്‍ കുറേ സമയം എടുത്തു. ജ്യോതിക ലൗ യൂ. ജിയോ ബേബി ഇത് ഒരു ഇതിഹാസമാണ്’ – എന്നാണ് സമന്ത കുറിച്ചിരിക്കുന്നത്. കാതല്‍ മുന്നോട്ട് വയ്ക്കുന്നത് വിപ്ലവകരമായ ഒരു ആശയം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നതും.

Signature-ad

മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം സംസ്ഥാന ചലച്ചിത്രമേളയിലും ഇന്ത്യന്‍ പനോരമയിലും തിരഞ്ഞെടുത്തിരുന്നു. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതല്‍. 2009ല്‍ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തില്‍ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതല്‍. രാക്കിളിപ്പാട്ട് ആയിരുന്നു ആദ്യ ചിത്രം. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി നായകനാവുന്ന ഈ ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളില്‍ നിന്നും കൂടിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി കാതലിനുണ്ട്. മാത്യു ദേവസിയും ഓമനയും ദാമ്പത്യം എന്ന ചട്ടക്കൂടില്‍ ഒളിപ്പിച്ചു വച്ച ജീവിതമാണ് കാതലിന്റെ കഥയുടെ കേന്ദ്രം.

 

 

Back to top button
error: