KeralaNEWS

നവകേരള വിളംബര ജാഥയില്‍ പങ്കെടുക്കാതെ വീട്ടില്‍പോയി: അംഗന്‍വാടി ജീവനക്കാര്‍ വിശദീകരണം നല്‍കണം

മലപ്പുറം: അംഗന്‍വാടി ജീവനക്കാരോട് നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുക്കാത്തതിന് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊന്‍മള്ള ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ജീവനക്കാരോടാണ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിശദീകരണം ചോദിച്ചത്. നാല് മണിക്ക് നടന്ന വിളംബര ജാഥയില്‍ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവര്‍ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സൂപ്പര്‍ വൈസര്‍ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം.

നവകേരള സദസ്സിലേക്ക് ആളെക്കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നു എന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് സംഭവം. പൊന്മള പഞ്ചായത്തില്‍ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. ജാഥയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ പങ്കെടുക്കാതെ മടങ്ങിയവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

Signature-ad

അതേസമയം, നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. പടിയൂര്‍ പഞ്ചായത്ത് പെരുമണ്ണ് വാര്‍ഡിലാണ് സംഭവം. നവകേരള സദസിനു മുന്നോടിയായി പഞ്ചായത്ത് വിളിച്ചുചേര്‍ത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് പടിയൂര്‍.

14 സ്ത്രീകള്‍ക്കെതിരെയാണ് പഞ്ചായത്തിന്റെ നടപടിയെന്നാണു വിവരം. നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19നു വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ലെന്നു കാണിച്ചാണു നടപടി. ഇതേ യോഗത്തില്‍ തന്നെ അടുത്ത തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പ്രോജക്ട് യോഗവും നടത്തി. നവകേരള യോഗമാണെന്നു കരുതി തൊഴിലാളികള്‍ പങ്കെടുത്തില്ല.

സാധാരണ തൊഴിലുറപ്പ് പ്രോജക്ട് യോഗത്തില്‍ അധ്യക്ഷനാകേണ്ടത് വാര്‍ഡ് അംഗമാണ്. കോണ്‍ഗ്രസ് നേതാവ് കൂടിയായ വാര്‍ഡ് അംഗത്തെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും പരാതിയുണ്ട്. ഇതിനുശേഷം 22ന് മട്ടന്നൂരില്‍ നടന്ന നവകേരള സദസിലും തൊഴിലാളികള്‍ പങ്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ പണിക്കെത്തിയപ്പോഴാണു മസ്റ്റര്‍ റോളില്‍ പേരില്ലെന്നും ഇതിനാല്‍ പണിയില്ലെന്നും പറഞ്ഞു തിരിച്ചയച്ചതെന്നാണു വിവരം.

 

 

 

Back to top button
error: