KeralaNEWS

നവകേരള സദസിനായി പണപ്പിരിവ്, അക്രമത്തിന് ന്യായീകരണം; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് പ്രതിപക്ഷം

തിരുവനന്തപുരം: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു പണം പിരിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക്. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിക്കുകയും അക്രമപ്രവര്‍ത്തനം തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെയും പരാതി നല്‍കും. നവകേരള സദസിന്റെ പേരില്‍ നടക്കുന്ന മുഴുവന്‍ പണപിരിവും ഭീഷണിപ്പെടുത്തിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറവൂര്‍ നഗരസഭയിലെ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് പ്രതിപക്ഷമല്ല, ഭരണപക്ഷമാണ്.

നവകേരള സദസിനു പണം കൊടുക്കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടു നിര്‍ദേശിച്ചിരുന്നു. പറവൂര്‍ നഗരസഭാ സെക്രട്ടറി നിര്‍ദേശം ലംഘിച്ചാണ് പണം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസിനു പണം കൊടുക്കണമെന്നു പറയാന്‍ സര്‍ക്കാരിനു അധികാരമില്ല. പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. 1994ല്‍ നിയമഭേദഗതി വന്നശേഷം തനതു ഫണ്ട് ചെലവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പറവൂര്‍ നഗരസഭാ സെക്രട്ടറി നിയമം ലംഘിച്ചു. നവകേരള സദസിനു പണം കൊടുക്കണമെങ്കില്‍ ചെയര്‍മാന്റെ അനുമതി വേണം.

Signature-ad

അന്വേഷിച്ചപ്പോള്‍, പണം നല്‍കിയില്ലെങ്കില്‍ പ്രൊബേഷന്‍ ക്ലിയര്‍ ചെയ്ത് തരില്ലെന്നു ഭീഷണിപ്പെടുത്തുന്നു എന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുമാണ്. നവകേരള സദസ്സിനു പണം നല്‍കാന്‍ നിര്‍ദേശിച്ച് തദ്ദേശ അഡി.ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഇറക്കിയ ഉത്തരവു തന്നെ നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന പരിപാടിയില്‍ രാഷ്ട്രീയ പ്രസംഗം മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് പ്രചാരണമാണ് നവകേരള സദസിലൂടെ എല്‍ഡിഎഫ് നടത്തുന്നത്.

മേയ് രണ്ടു മുതല്‍ ജൂണ്‍ നാലുവരെ മന്ത്രിമാര്‍ താലൂക്ക് അദാലത്തുകള്‍ നടത്തിയിരുന്നു. പതിനായിരക്കണക്കിനു പരാതി ലഭിച്ചെങ്കിലും തുറന്നു നോക്കാതെയാണ് നവകേരള സദസിലൂടെ വീണ്ടും പരാതി സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷ, മരുന്നു ക്ഷാമം, പെന്‍ഷന്‍, ആനൂകൂല്യങ്ങള്‍, എസ്ഇഎസ്ടി ആനൂകൂല്യങ്ങള്‍ അടക്കമാണ് താലൂക്ക് അദാലത്തില്‍ പരിഗണിച്ചത്. അതിലൂടെ ലഭിച്ച ഒരു പരാതിയും പരിഹരിച്ചിട്ടില്ല. നവകേരള സദസിലൂടെ 25,000 പരാതി കിട്ടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനര്‍ഥം ഒരു കാര്യവും നടക്കുന്നില്ലെന്നാണ്. നവകേരള സദസിനായി 44 ദിവസം സെക്രട്ടേറിയറ്റില്‍നിന്ന് മന്ത്രിമാര്‍ മാറി നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കൂടെ യാത്ര ചെയ്യുക മാത്രമാണ് മന്ത്രിമാരുടെ റോള്‍. മന്ത്രിമാരെ എന്തിനാണു കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.

തലസ്ഥാനം ഒറ്റ മഴയില്‍ വെള്ളത്തിലായി. വെള്ളക്കെട്ടിനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞിട്ടും ഒരു നടപടിയുമില്ല. മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചത് ‘ജീവന്‍രക്ഷാ പ്രവര്‍ത്തനം’ ആണെന്നാണ്. എഫ്‌ഐആറില്‍ പറയുന്നത് വധശ്രമെന്നും. അക്രമപ്രവര്‍ത്തനം തുടരണമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ കഴിയില്ല. നവകേരള സദസ് അശ്ലീല നാടകമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Back to top button
error: