തിരുവല്ല: സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്ന് സ്ഥാനം ഒഴിയുന്ന യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. പുരോഹിതൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. തന്റെ പക്ഷം ഇടതുപക്ഷം ആണ്. എന്നാൽ തന്റെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിലവിൽ കേരളത്തിൽ ഇല്ലെന്നും കൂറിലോസ് പറഞ്ഞു. അപ്രതീക്ഷിതമായി സ്ഥാനത്യാഗം പ്രഖ്യാപിച്ച മെത്രാപ്പോലീത്ത നവംബര്‍ 28 ന് സഭാ ചുമതലകളിൽ നിന്ന് ഒഴിയും.
സ്ഥാനമൊഴിയുന്നത് നേരത്തെയായിപ്പോയോ എന്ന ചോദ്യത്തിന് വൈകിപ്പോയെന്നാണ് തോന്നുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് മറുപടി നല്‍കി. ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ കഴിഞ്ഞില്ല. അധികാരത്തോട് ചേര്‍ന്ന് നില്‍ക്കുക എന്നത് പ്രലോഭനമാണ്. ആ പ്രലോഭനത്തില്‍ വീഴരുതെന്ന ചിന്ത എല്ലാക്കാലത്തും തനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തും വായനയ്ക്കുമായി കൂടുതല്‍ സമയം കണ്ടെത്തും. ഔദ്യോഗിക പദവികള്‍ വഹിക്കുമ്പോള്‍ അതിന്‍റേതായ വേലിക്കെട്ടുകള്‍ ഉണ്ടാവും. ഇനി അല്‍പ്പം കൂടി സ്വാതന്ത്ര്യമുണ്ടാകുമെന്നാണ് തോന്നുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷമാണ് തന്‍റെ പക്ഷം. അതുപക്ഷെ രാഷ്ട്രീയ പാര്‍ട്ടി പക്ഷമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കയിലൊക്കെ ബിഷപ്പുമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മന്ത്രിമാരായിട്ടുണ്ട്. അതൊന്നും നിഷിദ്ധമാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്ന് മാര്‍ കൂറിലോസ് പറഞ്ഞു. എന്നാല്‍ തന്‍റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പാര്‍ട്ടിയും ഇന്നില്ല. അതുകൊണ്ട് തന്‍റെ കാര്യത്തില്‍ അങ്ങനെയൊരു പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് മറിയക്കുട്ടിയുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അവരുടെ ജീവിതപ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ അവരൊരു മാര്‍ഗം കണ്ടു. അതിനോട് ചേര്‍ന്നു നില്‍ക്കുക. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. ന്യായമായ അവശ്യമായിരുന്നുവെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു.