കോഴിക്കോട്: മുസ്ലിംകളെ ഉന്നംവെച്ച് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തുന്നുവെന്ന ആരോപണവുമായി സമസ്ത. സമസ്ത എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉദ്യോഗതലങ്ങളില്‍ സംവരണം നല്‍കാന്‍ മുസ്ലിംകള്‍ക്ക് ലഭിക്കേണ്ട ടേണ്‍ തട്ടിയെടുക്കുന്നുവെന്ന് സത്താര്‍ പന്തല്ലൂര്‍ ആരോപിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സത്താര്‍ പന്തല്ലൂരിന്റെ ആരോപണം.
ഇത് അനീതിയാണ്. സര്‍ക്കാര്‍ തുടര്‍ച്ചയായി നീതി നിഷേധിക്കുന്നു. ബോധപൂര്‍വം സര്‍ക്കാര്‍ നടത്തുന്ന നീക്കം കടുത്ത വിവേചനമാണ്. ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം ഇതിനെ കാണാനാവില്ല. സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞു.
സംവരണം പുനര്‍നിര്‍ണയിക്കണമെന്ന കോടതി വിധി നടപ്പാക്കാനാവില്ല. ജാതി സെന്‍സസ് നടത്താനാവില്ല. ഇത്തരം ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അതിന്റെ സങ്കീര്‍ണത വിശദീകരിക്കാന്‍ ഭരണകൂടം മിടുക്കരാണ്. ഇതിലൂടെ പ്രാതിനിധ്യാവകാശം നേടിയവരേയും നേടാത്തവരേയും തിരിച്ചറിയും. കയ്യടക്കി വെച്ചവരും വെട്ടിപ്പിടിച്ചവരും ആരെന്ന് പുറം ലോകമറിയും. മുസ്ലിംകള്‍ക്ക് മാത്രമായി സച്ചാര്‍കമ്മിറ്റി നിര്‍ദ്ദേശിച്ച പദ്ധതികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി മാറി. അതിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വിണ്ടും വീതം വെച്ചു. ഇപ്പോള്‍ മുസ്ലിംകള്‍ക്ക് നാമമാത്രമായി മാത്രം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പായി അത് മാറിയെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങളെ അതില്‍ നിന്നും ഒഴിവാക്കി. ഈ വിഷയത്തില്‍ ന്യൂനപക്ഷ വകുപ്പ്, ധനകാര്യ വകുപ്പിന് പ്രൊപ്പോസല്‍ കൊടുത്തപ്പോള്‍ അവര്‍ അത് പരിഗണിച്ചില്ലത്രേ. അതിലപ്പുറം അതിന് വിശദീകരണമൊന്നും ഇതുവരെ വന്നിട്ടുമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കി.
സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കേണ്ടതുണ്ട്. പക്ഷെ അത് പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന്റെ അവകാശങ്ങളില്‍ കയ്യിട്ട് വാരിയിട്ടാകരുത്. യാതൊരു മാനദണ്ഡവുമില്ലാതെ കൂടുതല്‍ സംവരണ തോത് കൈവശപ്പെടുത്തിയവര്‍ സുരക്ഷിതമായിരിക്കുകയും ഇന്നും സംവരണാവകാശങ്ങള്‍ക്ക് വേണ്ടി വിലപിക്കുന്നവരെ വീണ്ടും വീണ്ടും പിറകിലേക്ക് തള്ളിവിടുന്ന ഈ നിലപാട് സാമൂഹ്യ ദ്രോഹമാണ്. മുസ്ലിം സമുദായത്തെ ഉന്നംവെച്ച് നടത്തി കൊണ്ടിരിക്കുന്ന ഇത്തരം ഗൂഢപദ്ധതികള്‍ തിരിച്ചറിയാനും പ്രതികരിക്കാനും തയ്യാറാവണമെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.