കോഴിക്കോട്: ഓമശ്ശേരി മാങ്ങാപൊയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി വിതറി മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷ്ടാക്കളായിരുന്നു എന്നായിരുന്നു നേരത്തെ പൊലീസ് നിഗമനം.
പ്രതികള്‍ എത്തിയത് തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനത്തിലായിരുന്നു എന്നതായിരുന്നു ഇത്തരമൊരു സംശയത്തിനു കാരണം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. നാല് പേരാണ് സംഘത്തിലെന്നും ഒരാള്‍ കൂടി പിടിയിലാവാനുണ്ടെന്നും പൊലീസ് പറയുന്നു.
അതേസമയം, പ്രതികളില്‍ ഒരാള്‍ക്ക് 18 വയസ് തികഞ്ഞിട്ടുണ്ടോ എന്നതില്‍ പൊലീസിന് സംശയമുണ്ട്. ഈ മാസം 17ന് അര്‍ധരാത്രി രണ്ടോടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മാങ്ങാപൊയില്‍ എച്ച്.പി പെട്രോള്‍ പമ്പില്‍ മൂന്ന് യുവാക്കള്‍ ഇന്ധനം നിറയ്ക്കാനായി എത്തി ജീവനക്കാരന് നേരെ മുളക് പൊടി വിതറി പണം കവരുകയായിരുന്നു. ഒരാള്‍ മുളക് പൊടി എറിയുന്നതും കൂടെയുണ്ടായിരുന്ന ആള്‍ ഉടുമുണ്ട് അഴിച്ച് ജീവനക്കാരന്റെ മുഖം മറയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പണം കവര്‍ന്ന ശേഷം ഓടിരക്ഷപെടുകയായിരുന്നു.