KeralaNEWS

”DYFI യുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്”

കണ്ണൂര്‍: നവകേരള സദസ്സില്‍ ബഹുജനമുന്നേറ്റം കണ്ടതില്‍ നിന്നുണ്ടായ നൈരാശ്യമാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രകടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാരുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക, അവരുമായി സംവദിക്കുക എന്നതായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇതൊരു ബഹുജനമുന്നേറ്റ പരിപാടിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവന്‍ അപകടപ്പെടുത്തുംവിധത്തില്‍ ബസ്സിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ഡി.വൈ.എഫ്.ഐ. നടത്തിയത് മാതൃകാ പ്രവര്‍ത്തനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

വിപുലമായ ജനങ്ങളാണ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്. ഈ വിജയം കണ്ടതിലുള്ള നൈരാശ്യമാണ് വീണ്ടുവിചാരമില്ലാത്ത പ്രകടനങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം പ്രകടനങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. അവസാനിപ്പിക്കണം, ഇതില്‍ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

”സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിര്‍ക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഗമായിട്ട് മാത്രമേ അത് കാണാറുള്ളു. എന്നാല്‍ ഓടുന്ന വാഹനത്തിന് മുമ്പില്‍ കരിങ്കൊടിയുമായി ചാടി വീണാല്‍ എന്തായിരിക്കും ഫലം. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകണമെന്നില്ല. റോഡില്‍ ചാടുന്നയാള്‍ക്ക് അപകടമുണ്ടായാല്‍ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണതരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ഉദ്ദേശം”- മുഖ്യമന്ത്രി പറഞ്ഞു.

‘ഇത് സര്‍ക്കാരിനെതിരായ പ്രതിഷേധമല്ല, ജനങ്ങളോടുള്ള പ്രതിഷേധമാണ്. വിവിധ തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉണ്ടാവുന്നു. ഇത് അശ്ലീല പരിപാടി എന്ന് പോലും പ്രചാരണം നടന്നു. സംഘര്‍ഷ അന്തരീക്ഷം കൊണ്ട് വന്ന് പരിപാടിക്ക് എത്തുന്ന ജനങ്ങളെ തടയാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ആളൊഴുകുമ്പോള്‍ തടയാന്‍ കഴിയുന്നില്ല എന്നതിനാല്‍ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാര്‍ത്തകളാണ്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്. ഇടതുപക്ഷ മനസുഉള്ളവര്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Back to top button
error: