IndiaNEWS

യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു കാരണം എന്ത്? കോവിഡ് വാക്‌സീന്‍ അല്ലെന്ന് ഐസിഎംആര്‍ പഠനം

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. മാത്രമല്ല, കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും പഠനം അടിവരയിടുന്നുണ്ട്.

2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. അറിയപ്പെടാത്ത രോഗങ്ങള്‍ ഇല്ലാത്തവരും എന്നാല്‍ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരെ സംബന്ധിച്ചായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകള്‍ സംഘം പഠനത്തിനു വിധേയമാക്കി. രണ്ടു ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഒരു ഡോസ് എടുത്തവര്‍ക്കും സാധ്യത കുറയുമെങ്കിലും ഇത്രയും ഫലമുണ്ടാകില്ല.

പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളും പഠനത്തില്‍ കണ്ടെത്തി. കോവിഡ്-19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, പെട്ടെന്നുള്ള മരണം സംഭവിച്ചിട്ടുള്ളതിന്റെ കുടുംബ പാരമ്പര്യം, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ കഠിനമായ കായികാധ്വാനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നേരത്തെ തന്നെ ഐസിഎംആര്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ വിവരിച്ചിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ അമിതമായി കായികാധ്വാനം ചെയ്യുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത തുടര്‍ മരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: