Social MediaTRENDING

മോദിയുടെ സ്വന്തം ആവശ്യത്തിനായുള്ള വിമാനത്തിനു ചിലവിട്ടത് 4500 കോടി രൂപ !!

കേരള മന്ത്രിസഭാംഗങ്ങൾ യാത്ര ചെയ്യുന്ന ബസിനെക്കുറിച്ചു പറയുന്നതിനു മുമ്പു മറ്റു ചില കാര്യങ്ങൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു.എസ് സുധീപ് എഴുതുന്നു:
മോദിയുടെ സ്വന്തം ആവശ്യത്തിനായുള്ള വിമാനത്തിനു ചിലവിട്ടത് 4500 കോടി രൂപയാണ്.ഒരൊറ്റ വിമാനം വാങ്ങാനും അതിലെ ഒറ്റത്തവണ ആഡംബരങ്ങൾക്കും മാത്രം ചിലവാക്കിയതാണു 4500 കോടി!
അത്തരം രണ്ടു വിമാനങ്ങൾ. ചിലവ് 9000 കോടി! മോദിക്കും പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മാത്രം ഉപയോഗിക്കാനാണു രണ്ടു വിമാനങ്ങളും.
സ്യൂട്ട് റൂമും രണ്ടു കോൺഫറൻസ് ഹാളുകളും മീഡിയ റൂം, പ്രസ് ബ്രീഫിംഗ് റൂം, കമ്യൂണിക്കേഷൻസ് റൂം, മെഡിക്കൽ റൂം എന്നിവയുമടക്കം മൂന്നു തട്ടുകളിലായി 4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വിമാനത്തിന്റെ ഉള്ളിൽ സർവ്വ ആഡംബരങ്ങളുമുണ്ട്. രണ്ടു വിമാനങ്ങളും അങ്ങനെ തന്നെ.
എപ്പോഴാണീ വിമാനങ്ങൾ വാങ്ങിയതെന്നു കൂടി പറയാം. കോവിഡിന്റെ മൂർദ്ധന്യത്തിൽ!
ആഗോള പട്ടിണി സൂചികയിൽ നൂറ്റിപ്പതിനൊന്നാം സ്ഥാനത്തുള്ള ഇന്ത്യയാണ് മോദിക്ക് ഉലകം ചുറ്റാൻ  വേണ്ടി ഒമ്പതിനായിരം കോടിയുടെ വിമാനങ്ങൾ വാങ്ങിയത്! ആകെ 125 രാജ്യങ്ങൾ മാത്രമുള്ള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്കു താഴെ വെറും 14 രാജ്യങ്ങൾ മാത്രം. അയൽരാജ്യങ്ങളെല്ലാം നമ്മളെക്കാൾ എത്രയോ മുകളിലാണ്. ശ്രീലങ്ക (60), നേപ്പാൾ (69), ബംഗ്ലാദേശ് (81), പാകിസ്ഥാൻ (102), ഇന്ത്യ (111)…
കോവിഡിന്റെ കാലത്ത് രണ്ട് അത്യാഡംബര വിമാനങ്ങൾ വാങ്ങി ഒരെണ്ണം ഹാംഗറിലും മറ്റൊന്ന് സ്റ്റെപ്പിനിയായും വെറുതെയിടുക മാത്രമല്ല മോദി ചെയ്തത്. ഇന്ത്യയുടെ പ്രതീകവും വാസ്തുശില്പ ചാതുരിയുടെ ദൃഷ്ടാന്തവുമായ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തെ ആധുനിക സൗകര്യങ്ങളോടെ നിലനിർത്താൻ ശ്രമിക്കുന്നതിനു പോലും മിനക്കെടാതെ 836 കോടി രൂപ ബിമൽ പട്ടേലെന്ന ഗുജറാത്തിക്കു നൽകി ശവപ്പെട്ടി പോലൊരു പുതിയ പാർലമെന്റ് കെട്ടിടം പണിതു.
തീർന്നില്ല. കോവിഡിന്റെ തുടക്കത്തിൽ തന്നെ ദൽഹിയിയിലെ ഭരണസിരാകേന്ദ്രങ്ങളെല്ലാം പുതുക്കിപ്പണിയാൻ തുടങ്ങുന്ന സെൻട്രൽ വിസ്റ്റ പദ്ധതി തുടങ്ങി. 2020-ൽ തുടങ്ങിയപ്പോൾ കണക്കാക്കിയ പദ്ധതിച്ചിലവ് 13,450 കോടി രൂപ! 2026-ൽ പണി തീരും, അപ്പോഴറിയാം എത്ര ഇരട്ടിയാകുമെന്ന്.
ഇതൊന്നും നമ്മുടെ വലതു മാദ്ധ്യമങ്ങൾ ഓർമ്മിപ്പിക്കില്ല, ചർച്ച ചെയ്യില്ല, ചോദ്യം ചെയ്തു മുഖപ്രസംഗങ്ങളെഴുതില്ല. അവർ സംഘപരിവാറിന്റെയും വലതുപക്ഷത്തിന്റെയും  കുഴലൂത്തുകാരാണ്.ആ കുഴലൂത്തുകാരാണ് നവകരള സദസെന്ന നൂതനാശയത്തെ ഒരു ബസിലേയ്ക്കൊതുക്കാൻ കിണഞ്ഞു പരിശ്രമിച്ചത്.
ഒരു കോടി അഞ്ചു ലക്ഷത്തിന്റെ ബസിനെ ഒന്നരക്കോടിയുടെ ബസെന്നു വിശേഷിപ്പിച്ച നെറികെട്ട വർഗം. ബസിൽ കയറാൻ ലിഫ്റ്റും ഉള്ളിൽ കോൺഫറൻസ് ഹാളും ഉണ്ടെന്ന ഇല്ലാക്കഥകൾ മെനഞ്ഞവർ. ബസിലെ സീറ്റിൽ മെയ്ഡ് ഇൻ ചൈന എന്നെഴുതിയതിനെ ചൈനയിൽ നിന്നു പ്രത്യേകം വരുത്തിയ കസേരയെന്നു പൊലിപ്പിച്ചവർ.
സംഘി-വലതുപക്ഷ കുഴലൂത്തുകാരായ മാദ്ധ്യമ പ്രഭുക്കന്മാരുടെ എല്ലാ വ്യാജങ്ങളും പതിവുപോലെ പൊളിച്ചടുക്കപ്പെട്ടു കഴിഞ്ഞു.നവകേരള യാത്രയുടെ 36 ദിവസങ്ങളിൽ 21 മന്ത്രിമാരുടെയും വാഹനങ്ങൾ 140 മണ്ഡലങ്ങളിലും ഓടുന്നതിനു പകരം, അവരെല്ലാം ഒരു ബസിൽ ഒരുമിച്ചിരുന്ന്, കേരളത്തിന്റെ പൊതു പ്രശ്നങ്ങളും സാദ്ധ്യതകളും നവകേരള സദസിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളും പരിഹാര മാർഗ്ഗങ്ങളുമെല്ലാം കൂട്ടായി ചിന്തിച്ചും ചർച്ച ചെയ്തും കേരളം മുഴുവൻ യാത്ര ചെയ്യും. അതിനു ശേഷം ആ വാഹനം സർക്കാർ ടൂറിസം മേഖലയിലേയ്ക്കു മുതൽക്കൂട്ടും. ഇതാണു സംഗതി.
ചുരുക്കിപ്പറഞ്ഞാൽ മോദിക്കു മാത്രമായി തയ്യാറാക്കി വെറുതെ കിടക്കുന്ന ഒമ്പതിനായിരം കോടിയുടെ രണ്ട് ആകാശനൗകകളുടെ നേർ വിപരീതമാണ് സർക്കാർ ബസ്.നിലവിലെ ആഡംബര ബസുകളിലെ ആർഭാടങ്ങൾ പോലുമില്ലാത്ത ഒരു വാഹനം.
ഇതൊക്കെയും ജനങ്ങളിലേയ്ക്കെത്തിക്കാൻ ഒരു വലതുപക്ഷ മാദ്ധ്യമവും ശ്രമിക്കില്ല. അവിടെയാണു സമൂഹമാദ്ധ്യമങ്ങളുടെ പ്രസക്തി. വലതു മാദ്ധ്യമങ്ങളുടെ വ്യാജ വാർത്താ നിർമ്മിതികളെയും തമസ്കരണങ്ങളെയും നിമിഷങ്ങൾക്കകം തുറന്നു കാണിക്കുന്ന സമൂഹമാദ്ധ്യമങ്ങൾക്കു തന്നെയാണു നവലോകത്തിൽ മുൻതൂക്കം. പരമ്പരാഗത മാദ്ധ്യമങ്ങൾ അപ്രസക്തരായിക്കഴിഞ്ഞു. അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്.
പരമ്പരാഗത മാദ്ധ്യമങ്ങൾ അഹോരാത്രം പണിയെടുത്തിട്ടും വ്യാജവാർത്താ/അങ്ങാടിപ്പാട്ടു ഫാക്ടറികൾ 24×7 തുറന്നുവച്ചിട്ടും ഇടതുസർക്കാർ തുടർഭരണത്തിൽ വന്നത് മാറിയ കാലത്തിന്റെ പ്രതിഫലനമാണ്.ആ മാറ്റം വലതുപക്ഷത്തിന്റെ ഗുണഭോക്താക്കളും കുഴലൂത്തുകാരുമായ പരമ്പരാഗത മാദ്ധ്യമങ്ങളെ അങ്ങേയറ്റം ഭയത്തിലാഴ്ത്തുന്നു.
അവർ മാത്രമല്ല, സംഘഭരണകൂടത്തിന് ഓശാന പാടുന്ന എല്ലാ എസ്റ്റേറ്റുകളും സമൂഹമാദ്ധ്യമങ്ങളെ ഭയക്കുന്നു.
സംഘപരിവാറിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലും വരുതിയിലും നിൽക്കാത്തത് ഫിഫ്ത്ത് എസ്റ്റേറ്റായ സമൂഹമാദ്ധ്യമങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളെക്കുറിച്ചു പറയുമ്പോൾ സംഘപരിവാറിന്റെ ചെരുപ്പുനക്കികളായ മാടമ്പിമാർക്കും അങ്ങാടിപ്പാട്ടുകാർക്കും ഹാലിളകുന്നത്. സമൂഹമാദ്ധ്യമങ്ങളെ തങ്ങളുടെ ചൊല്പടിയിൽ നിർത്തണമെന്നു വാശി പിടിക്കുന്നത്.
സംഘ രാജാക്കന്മാരും വലതു പ്രഭുക്കന്മാരും മാടമ്പിക്കൂട്ടങ്ങളും കുഴലൂത്തുകാരും അങ്ങാടിപ്പാട്ടുകാരും നഗ്നരാണെന്നുറക്കെ വിളിച്ചു പറയുന്ന സമൂഹമാദ്ധ്യമങ്ങളെ നിങ്ങൾ ഭയക്കും, ഭയക്കുക തന്നെ വേണം.
നായ്ക്കൾ കുരയ്ക്കുകയും നവകേരളം മുന്നോട്ടു കുതിയ്ക്കുകയും ചെയ്യും.
(എസ് സുധീപ് – സോഷ്യൽ മീഡിയ)

Back to top button
error: