KeralaNEWS

നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ എൻ.കെ ശശിധരൻ അന്തരിച്ചു

    മലയാളത്തിലെ ജനകീയ സാഹിത്യത്തിലെ മുൻ നിര എഴുത്തുകാരനായ എൻ.കെ ശശിധരൻ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ആലുവ  ചെവ്വരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ 13 നോവലുകൾ ഉൾപ്പെടെ  മനോരാജ്യം, മംഗളം, കേരളകൗമുദി, എക്സ്പ്രസ്, രാഷ്ട്രദീപിക തുടങ്ങി വിവിധ ആനുകാലികങ്ങളിൽ 51 നോവലുകൾ എഴുതിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ 36 വർഷത്തെ പ്രവൃത്തിപരിചയമുള്ള ശശിധരൻ പ്രശസ്ത ചലച്ചിത്ര സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജേസ്സി, ഡോ. ബാലകൃഷ്ണൻ, പി. ചന്ദ്രകുമാർ, പി.ഗോപകുമാർ, അശോക് കുമാർ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. ചുവന്ന അങ്കി, അഗ്നി ശലഭങ്ങൾ, ചക്രവർത്തി എന്നീ 3 സിനിമകൾക്ക് തിരക്കഥയെഴുതി. പി.ചന്ദ്രകുമാറിനൊപ്പം 3 ഹിന്ദി സിനിമകൾക്ക് (മീന ബസാർ, ഖൂനി ബർസത്ത്, താണ്ഡവ്) പ്രവർത്തിച്ചു. നവാസിന്റെയും ആനന്ദക്കുട്ടന്റെയും കൂടെ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ച ശശിധരൻ ചെന്നൈ അരുണാചലം സ്റ്റുഡിയോയിൽ ഒരു വർഷം ക്യാമറ അസിസ്റ്റന്റായും ജോലി ചെയ്തു.

കൈരളി ടിവി സംപ്രേക്ഷണം ചെയ്ത  ‘മംഗല്യപ്പാട്ട്’ എന്ന സീരിയലിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചു.  സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘അഭയം’ ‘ഗുരുപ്രസാദം,’ ‘ഗജരാജൻ ഗുരുവായൂർ കേശവൻ’ എന്നീ പരമ്പരകളുടെ തിരക്കഥാകൃത്താണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘സീതാലക്ഷ്മി’ സീരിയൽ ശശിധരന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മനോരാജ്യം വാരികയിൽ 2 വർഷം സബ് എഡിറ്ററായി പ്രവർത്തിച്ചു. തൃശൂർ, കോഴിക്കോട് ആകാശവാണിയിൽ നിരവധി നാടകങ്ങൾ പ്രക്ഷേപണം ചെയ്തു.   രചിച്ച 51 നോവലുകളും പുസ്തകമായിപ്രസിദ്ധീകരിച്ചു.
‘കഥകൾ കഥാപത്രങ്ങൾ’ എന്ന പേരിൽ ഞായറാഴ്ച ദീപികയിൽ 50 പുരാണ കഥകൾ പരമ്പരയായി.

പരേതരായ ടി.ജി നാരായണ പണിക്കരുടെയും  സരോജിനി അമ്മയുടെയും പുത്രനാണ്.
ഭാര്യ ശോഭനാ ദേവി, മക്കൾ ഗോപീകൃഷ്ണൻ വി.എസ്, വിഷ്ണു വി.എസ്.
സംസ്കാരം ഇന്ന് വൈകീട്ട് 5:30 ന് ഇടനാട് ചൊവ്വരയിലെ വീട്ടു വളപ്പിൽ.

Back to top button
error: