കൊച്ചി: ഐഎസ്‌എല്ലിന്റെ 8-ാം സീസണിലെ ഫൈനലിൽ ഏറ്റ പരാജയത്തിന് കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു.നവംബർ 25-ന് ഹൈദരാബാദുമായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
2021-22 സീസണിലെ ഫൈനൽ മത്സരത്തിൽ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.ഹൈദരാബാദിന് റെ കന്നിക്കിരീടമായിരുന്നു അത്.ബ്ലാസ്റ്റേഴ്‌സ് മൂന്നു തവണ (2014, 2016,2021) ഫൈനലിലെത്തിയെങ്കിലും മൂന്നു തവണയും തോൽക്കുകയായിരുന്നു.
നവംബർ 29-ന് ചെന്നൈയിനുമായുമാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.പിന്നീട് 3 ഡിസംബറിന് ഗോവയുമായും 14 ഡിസംബറിന് പഞ്ചാബുമായും 24 ഡിസംബറിന് മുംബൈയുമായും 27 ഡിസംബറിന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ മറ്റ് മത്സരങ്ങൾ.
നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നത് സ്വന്തം തട്ടകമായ കൊച്ചിയിൽ വച്ച് തന്നെയാണ്.മുംബൈയുമായി നടന്ന എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക പരാജയമായിരുന്നു ഇത്.
നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.ഇത്രയും തന്നെ പോയിന്റുള്ള ഗോവയാണ് ഒന്നാം സ്ഥാനത്ത്.അവർ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്.