KeralaNEWS

11.13 ലക്ഷം യാത്രക്കാർ;ലോകശ്രദ്ധ നേടി കൊച്ചി വാട്ടർ മെട്രോ

കൊച്ചി:സർവീസ് ആരംഭിച്ച ദിവസം മുതൽ വാർത്തകളിലെ താരമാണ് വാട്ടർ മെട്രോ. സെലിബ്രിറ്റികൾ മുതൽ കട്ട ലോക്കൽ വ്ലോഗർമാർ വരെ പാടിപ്പുകഴ്ത്തുന്ന വാട്ടർ മെട്രോ ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
 
 അന്താരാഷ്‌ട്ര മാരിടൈം ഏജൻസികളുടെ സംഗമത്തിൽ കൊച്ചി വാട്ടർ മെട്രോ ഇതിനകം രണ്ട് അവാർഡുകളാണ് കരസ്ഥമാക്കിയത്.ഫെറി സർവീസുകളിലെ മികവിനും ഉൾനാടൻ ജലപാതകളെ ബന്ധിപ്പിച്ചുള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകുന്ന ടെർമിനലുകൾ ഒരുക്കിയതിനുമുള്ള അവാർഡുകളാണ് കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കിയത്

അതേസമയം രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്. കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്.സർവീസ് ആരംഭിച്ച് ആറ് മാസം കൊണ്ട് പതിനൊന്നു ലക്ഷം യാത്രക്കാരാണ് വാട്ടർ മെട്രോ വഴി സഞ്ചരിച്ചത്.
20 രൂപയാണ് വാട്ടർ മെട്രോയിലെ കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് 40 രൂപ. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായാണ് വാട്ടർ മെട്രോയുടെ ബോട്ട് ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകൾ, വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവൽ നിലനിർത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്.ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവായതും നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനാകുമെന്നതും കൂടുതല്‍ യാത്രക്കാരെ വാട്ടര്‍ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
വാട്ടർ മെട്രോ ഏറ്റവുമധികം ഉപകാരപ്പെടുന്നത് കൊച്ചിയിലെ ദ്വീപ് നിവാസികൾക്കാണ്.മെട്രോ റെയില്‍ കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതുപോലെ തന്നെയാണ് വാട്ടര്‍ മെട്രോ കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങൾക്കും ഉപകാരപ്പെടുന്നത്.നഗരത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത ദ്വീപുകളിലുള്ളവര്‍ ഇന്നും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ ദ്വീപുവാസികൾക്കാണ് വാട്ടര്‍ മെട്രോ ഏറെ സഹായകരമായി മാറിയിരിക്കുന്നത്. യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടര്‍ മെട്രോയുടെ നേട്ടമാണ്. ശരാശരി എട്ട് മുതല്‍ പത്ത് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ കുതിക്കാന്‍ വാട്ടര്‍ മെട്രോയ്ക്ക് സാധിക്കും.
2023 ഏപ്രില്‍ 25നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത്.
കേരള സര്‍ക്കാരിന് 74 ശതമാനം ഓഹരി പങ്കാളിത്തവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (KMRL) 26 ശതമാനം ഓഹരി പങ്കാളിത്തവുമുള്ള സംയുക്ത സംരംഭമാണ് കൊച്ചി വാട്ടര്‍ മെട്രോ.
രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോയില്‍ ആറ് മാസത്തിനിടെ യാത്ര ചെയ്തത് 11.13 ലക്ഷം യാത്രക്കാരാണ് !

Back to top button
error: