CrimeNEWS

കേന്ദ്ര വഖഫ് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘പരിവാര്‍’ അനുകൂല സംഘടനാ നേതാക്കള്‍ക്കെതിരേ േകസ്

എറണാകുളം: കേന്ദ്ര വഖഫ് കൗണ്‍സിലിലേക്ക് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആര്‍.എസ്.എസ് അനുകൂല സംഘടനയായ മുസ്‌ലിം രാഷ്ട്രിയ മഞ്ച് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം അഞ്ചുപേര്‍ക്കെതിരെയാണ് തിരൂര്‍ സ്വദേശിയുടെ പരാതിയില്‍ കേസെടുത്തത്. 16 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. എറണാകുളം കോതമംഗലം പൊലീസാണ് കേസെടുത്തത്.

2020 ലാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലേക്ക് അംഗത്വം നേടിത്തരാം എന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സാദിഖാണ് പരാതിക്കാരനെ ആദ്യം സമീപിച്ചത്. ശേഷം മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ നേതാക്കളെ പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് ഇവര്‍ 25 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയാല്‍ അംഗത്വം ശരിയാക്കിത്തരാം എന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.

Signature-ad

അങ്ങനെ ആദ്യ ഘട്ടത്തില്‍ 16 ലക്ഷമാണ് നല്‍കിയത്. 2020 ജൂണില്‍ കോതമംഗലത്തെ സംഘടനയുടെ പ്രസിഡന്റിന്റെ വീട്ടില്‍വെച്ചാണ് പത്ത് ലക്ഷം കൈമാറിയത്. ശേഷം അഞ്ച് ലക്ഷം സെപ്തംബറില്‍ കൈമാറി. പിന്നീട് ഒരു ലക്ഷം ബാങ്ക് അക്കൗണ്ട് വഴിയും കൈമാറി. തുടര്‍ന്ന് അംഗത്വത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു രണ്ട് വര്‍ഷവും നല്‍കിയ മറുപടി. പിന്നീടാണ് അംഗത്വം നേടിത്തരാന്‍ കഴിയില്ലെന്നും പണം തിരിച്ചുനല്‍കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Back to top button
error: