KeralaNEWS

ഒരു സ്റ്റേഷനും ഒഴിവാക്കില്ല: കൊച്ചി മെട്രോ

കൊച്ചി:  മെട്രോ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള ചെമ്ബുമുക്ക്, പടമുകള്‍ സ്റ്റേഷനുകള്‍ ഒഴിവാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ കഴമ്ബില്ലെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍).

ഇരു സ്റ്റേഷനുകളും ഒഴിവാക്കാനുള്ള തീരുമാനം ഇല്ല. പകരം സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വലുപ്പം കുറയ്ക്കുകയോ മാറ്റി സ്ഥാപിക്കുകയോ ആണ് ചെയ്യുന്നതെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി.

ചെമ്ബുമുക്ക്, പടമുകള്‍ സ്റ്റേഷനുകള്‍ ഒഴിവാക്കുന്നതായുള്ള പ്രചാരണങ്ങളില്‍ സത്യമുണ്ടോയെന്ന് ആരാഞ്ഞ് ഹൈബി ഈഡന്‍ എംപി, ഉമാ തോമസ് എംഎല്‍എ എന്നിവര്‍ നല്‍കിയ കത്തിന് മറുപടിയായാണ് കെഎംആര്‍എല്‍ വിശദീകരണം നല്‍കിയത്.

പ്രദേശികാഘാത പഠനത്തില്‍ ചെമ്ബുമുക്ക് മേഖലയില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതിന്‍റെ ഭാഗമായി സ്റ്റേഷന്‍റെ വലുപ്പം കുറയ്ക്കുക എന്ന നിര്‍ദേശം സാമൂഹികാഘാത പഠനം നടത്തിയ ഏജന്‍സി മുന്നോട്ട് വച്ചു. അതുപോലെ പടമുഗള്‍ സ്റ്റേഷന്‍ സമീപത്തെ ഒഴിഞ്ഞ പറമ്ബിലേക്ക് മാറ്റണമെന്ന നിര്‍ദേശവും ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ നിശ്ചയിച്ച സ്ഥലത്ത് സ്റ്റേഷന്‍ നിര്‍മിച്ചാല്‍ അത് കൂടുതല്‍ ആളുകളെ ബാധിക്കുമെന്നതിനാലാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 10 സ്റ്റേഷനുകളാണുള്ളത്. ഇതിനായി കണയന്നൂര്‍ താലൂക്കിലെ ഇടപ്പള്ളി സൗത്ത്, വാഴക്കാല, കാക്കനാട് വില്ലേജുകളിലായി 1.714 ഹെക്ടര്‍ ഭൂമിയാണ് മെട്രോ ഏറ്റെടുത്തിരിക്കുന്നത്.

Back to top button
error: