KeralaNEWS

ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മരണകാരണം മര്‍ദനമെന്ന് പരാതി

കണ്ണൂര്‍: ബസ് ഡ്രൈവര്‍ പന്ന്യന്നൂര്‍ മനേക്കരയിലെ പുതിയവീട്ടില്‍ കെ.ജിജിത്ത് (45) പുന്നോല്‍ പെട്ടിപ്പാലത്തിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും. മരണകാരണം ഒരുസംഘം ആളുകളുടെ മര്‍ദനമാണെന്നാണ് പരാതി. ജിജിത്തിന്റെ അമ്മാവന്റെ മകന്‍ ശിവപുരം അയ്യല്ലൂരിലെ ചൂളയാടന്‍ വീട്ടില്‍ കെ.ജീജിത്താണ് തലശ്ശേരി സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

മരണത്തില്‍ സംശയമുണ്ടെന്നും മര്‍ദനമേറ്റതാണ് മരണകാരമെന്ന് സംശയിക്കുന്നതായും കാണിച്ച് എന്‍.പി. മുകുന്ദന്‍ മുതല്‍ 12 പേര്‍ ഒപ്പിട്ട് മനേക്കര നിവാസികളും പോലീസില്‍ പരാതി നല്‍കി. ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവികമരണത്തിന് ന്യൂമാഹി പോലീസ് കേസെടുത്തു.

പുന്നോല്‍ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15-ഓടെ വടകരയില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ശ്രീഭഗവതി ബസിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടക്ടര്‍ ബിജീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലി. മര്‍ദനത്തില്‍ രക്ഷപ്പെടാന്‍ റെയില്‍പ്പാളം മുറിച്ചുകടക്കുമ്പോഴാണ് ജിജിത്ത് ട്രെയിന്‍തട്ടി മരിച്ചത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദനമേറ്റ കണ്ടക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബസ് തട്ടി പരിക്കേറ്റ പെട്ടിപ്പാലം കോളനിയിലെ മത്സ്യത്തൊഴിലാളി മുനീര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിച്ച് തലശ്ശേരി-വടകര റൂട്ടില്‍ ഞായറാഴ്ച സ്വകാര്യ ബസുകള്‍ ഓടിയില്ല. ജിജിത്തിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മനേക്കര കൈരളി ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകിട്ട് സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: