ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലേതായി. അന്തരീക്ഷത്തില്‍ കനത്ത പുക ഉയര്‍ന്നതോടെയാണ് രാജ്യതലസ്ഥാന നഗരമായ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവ മലീനികരണ നരങ്ങളുടെ പട്ടികയില്‍ പത്തില്‍ ഇടം പിടിച്ചത്.
ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലയിലെത്തി. ചില സ്ഥലങ്ങളില്‍ 700 വരെ ഉയര്‍ന്നു. പത്തില്‍ ഒന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം. കൊല്‍ക്കത്ത നാലാം സ്ഥാനത്തും മുംൈബ എട്ടാം സ്ഥാനത്തുമാണ്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400ന് മുകളിലായാല്‍ ആളുകളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. ഞായറാഴ്ച വൈകീട്ട് മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷം മലിനമായതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയായതോടെ എക്യുഐ 680ലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വായു ഗുണനിലവാരം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.