ആലപ്പുഴ: നൂറനാട് പാലമേല്‍ മറ്റപ്പള്ളി മലയില്‍ ജനകീയ സമരസമിതിയുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മണ്ണെടുക്കല്‍ അരംഭിച്ചത്. വന്‍ പോലീസ് കാവലിലാണ് മണ്ണെടുപ്പ് നടക്കുന്നത്. തടയാന്‍ ശ്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് കാര്‍ത്തികപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ വ്യക്തമാക്കി. അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
മണ്ണെടുക്കുന്ന വിവിധ ഇടങ്ങളില്‍ ഒരേസമയം സമരം നടത്താനാണ് നീക്കം. മറ്റപ്പള്ളിയിലേക്കുള്ള രണ്ട് വഴികളും കയര്‍ കെട്ടി. ആശാന്‍കലുങ്ക്, മാവിള എന്നിവിടങ്ങളിലും പ്രതിഷേധം നടത്തും. അതേസമയം, ജനകീയ സമരത്തിന് പിന്തുണയുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവും രംഗത്തുണ്ട്. കൂടാതെ, സിപിഐ, ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കൊടുക്കുന്നില്‍ സുരേഷ് എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, മറുഭാഗത്ത് മണ്ണെടുപ്പ് തകൃതിയില്‍ നടക്കുന്നുണ്ട്. പത്തോളം ലോഡ് മണ്ണുമായി ലോറികള്‍ പുറപ്പെട്ടതായാണ് അറിയുന്നത്.
ഇതേത്തുടര്‍ന്ന്, ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചു. മണ്ണുമായി വരുന്ന ലോറികള്‍ തടയാനാണ് സമരസമിതിയുടെ തീരുമാനം. ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാന്‍ കാരണമാകും. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തവണ സമരവുമായി ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് പ്രദേശത്തായി സമരം നടത്തുമ്പോള്‍ ഒരു പ്രദേശത്ത് കൊടുക്കുന്നില്‍ സുരേഷ് എംപിയും മറ്റൊരിടത്ത് അരുണ്‍കുമാര്‍ എംഎല്‍എയുമാണ് നേതൃത്വം നല്‍കുന്നതെന്നാണ് ഏറെ ശ്രദ്ധേയം. നൂറനാട് മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ എംഎല്‍എ അരുണ്‍ കുമാറിനെ പോലീസ് മര്‍ദിച്ചതായി പരാതിയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ ജനകീയ സമിതിയുടെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനിടയിലും പോലീസ് ലാത്തി വീശുകയും സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ കൂട്ടിക്കല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിലവില്‍ മണ്ണെടുക്കുന്നത്.