വയനാട്: കല്‍പ്പറ്റ മേപ്പാടിക്കു സമീപം കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. മുപ്പൈനാട് കാടാശേരിയില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണു പുലി കയറിയത്. കൂട്ടിനുള്ളില്‍നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്നു ഹംസ നോക്കിയപ്പോഴാണു പുലിയെ കണ്ടത്. തുടര്‍ന്നു വാതില്‍ അടച്ചു നാട്ടുകാരെ വിവരമറിയിച്ചു.
വനപാലകര്‍ സ്ഥലത്തെത്തി പുലര്‍ച്ചെ നാലു മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പുലിയുടെ ആരോഗ്യനില ഉള്‍പ്പടെ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രദേശത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
അതേസമയം, തമിഴ്‌നാട്ടില്‍ കൂനൂരിന് സമീപം വീട്ടില്‍ കയറിയ പുലി 26 മണിക്കൂര്‍ നേരം വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് പുലി വീട്ടില്‍ കയറിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്‌ബോഴാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റിരുന്നു.
വീടിനുള്ളില്‍ പുലിയെ കണ്ട് മുറിക്കകത്ത് കയറി വാതിലടച്ച വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെ സുരക്ഷിതമായി പുറത്തേയ്ക്ക് ഇറക്കി പുലിയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പുലി തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നാണ് പുലി വീട്ടില്‍ തന്നെ മണിക്കൂറുകളോളം തുടര്‍ന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.